കഴക്കൂട്ടം: നഗരസഭയിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിൽ സംഘത്തിൻ്റെ ആഘോഷം ആമ്പല്ലൂർ പാടശേഖരത്തിൽ നടന്നു. സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ നഗരസഭയിൽ ആദ്യമായി 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ വാർഡും ചന്തവിളയാണ്.
വാർഡിൽ 125 തൊഴിലാളികളാണു് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ സരിത കൺവീനറായുള്ള 50 പേരടങ്ങുന്ന ലേബർ ഗ്രൂപ്പാണ് പദ്ധതിയിൽ ഒരു വർഷത്തിൽ ആകെ അനുവദിച്ചിട്ടുള്ള 100
തൊഴിൽ ദിനങ്ങളും പൂർത്തീകരിച്ചത്. പാടശേഖര സമിതിയുമായി ബന്ധപ്പെട്ട തണ്ണീർത്തട പരിപാലനം, നെൽകൃഷിക്ക് നിലമൊരുക്കൽ, കൊയ്ത്ത്, കേരഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ എന്നിവയിലാണ് തൊഴിലാളികൾ ഏർപ്പെട്ടത്.
ആമ്പല്ലൂർ പാടശേഖര സമിതി മുൻകൈയെടുത്ത് തൊഴിലാളികളെ അനുമോദിക്കാൻ ചേർന്ന യോഗത്തിൽ
പാടശേഖര സംരക്ഷണ സമിതി പ്രസിഡൻറ് വിനോദ് അധ്യക്ഷനായിരുന്നു. കൗൺസിലർ എം.ബിനു യോഗം ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പു പദ്ധതി ഓവർസിയർ അജീഷ്, കഴക്കൂട്ടം കൃഷിഭവനിലെ കൃഷി ഓഫീസർ എസ്.ദീപ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.അരുണ, കൃഷി അസിസ്റ്റൻറ്മാരായ എം.എൻ.പ്രകാശ്, നിഷ, കേരസമിതി പ്രസിഡണ്ട് തുണ്ടത്തിൽ അജി, സുരേഷ്, ബി.എസ്.ഇന്ദ്രൻ, ഷാജഹാൻ, മായ, രാധിക എന്നിവർ പ്രസംഗിച്ചു. മുതിർന്ന തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു. സംഘത്തിൻ്റെ വകയായി സദ്യയും നടന്നു.
നഗര തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി ചന്തവിള വാർഡ്





0 Comments