കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമ പ്രകാരം (കാപ്പ) അറസ്റ്റ് ചെയ്തതായി ഐ.ജി.പി.യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി. സ്പർജൻ കുമാർ അറിയിച്ചു. മേനംകുളം തുമ്പ പുതുവൽ പുരയിടത്തിൽ ഡാലിയ ഹൗസിൽ അജിത് ലിയോൺ എന്നു വിളിക്കുന്ന ലിയോൺ ജോൺസൺ (29) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ കഴക്കൂട്ടം, മണ്ണന്തല, കഠിനംകുളം, കടയ്ക്കാവൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, മയക്കുമരുന്നു കച്ചവടം, മോഷണം, എക്സ്പ്ലോസിവ് കേസ്സുകളുൾപ്പെടെ ഇരുപതോളം കേസ്സുകൾ നിലവിലുണ്ട്. 2015-ൽ മേനംകുളം ആറാട്ടുവഴി പാലത്തിന് സമീപം യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്സ്, മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള വിരോധം മൂലം തുമ്പ ആറാട്ടുകുഴി പാലത്തിന് സമീപം വെച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സ്, ആറാട്ടുവഴി ജംഗ്ഷനു സമീപത്ത് വെച്ച് സ്ത്രീയെയും മകനെയും സംഘം ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ച കേസ്സ് കഠിനംകുളം പുതുക്കുറിച്ചിയിലുള്ള വീട്ടിൽ കയറി സ്വർണ്ണവും പണവും മൊബൈൽ ഫോണും കവർന്ന കേസ്സ്, ശാന്തിനഗറിലുള്ള വീട്ടിൽ കയറി സ്വർണ്ണവും പണവും കവർന്ന കേസ്സ്, നിരോധിത മയക്കുമരുന്നായ എം.ഡി.എം എ വിൽപ്പനക്കിടെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നു പിടിയിലായ കേസ്സ്, പെരുമാതുറ ഭാഗത്ത് വെച്ച് മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ പിടിയിലായതുൾപ്പെടെയുള്ള നിരവധി കേസ്സുകളിലെ പ്രതിയാണിയാൾ.
നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഇയാൾക്കെതിരെ കാപ്പനിയമപ്രകാരം മുൻപ് നാടുകടത്തൽ ഉത്തരവ് നടപ്പാക്കിയിരുന്നു, തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഇയാൾ ജാമ്യത്തിൽ പുറത്ത് നിൽക്കുന്നത് പ്രദേശവാസികളുടെ സമാധാന ജീവിതത്തിന് ഭീഷണിയാണെന്ന് കാണിച്ച് ഡെപ്യൂട്ടി കമ്മീഷണർ (ക്രമസമാധാനം) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദേശപ്രകാരം സൈബർ സിറ്റി എ.സി.പി ഹരി സി.എസ്സിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്. ഒ പ്രവീൺ ജെ എസ്സ്, എസ്.ഐമാരായ മിഥുൻ, ജിനു, എസ്.സി.പി.ഒ മാരായ സജാദ് ഖാൻ, സി.പി. ഒ. അരുൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ഇയാൾക്കെതിരെ കഴക്കൂട്ടം, മണ്ണന്തല, കഠിനംകുളം, കടയ്ക്കാവൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, മയക്കുമരുന്നു കച്ചവടം, മോഷണം, എക്സ്പ്ലോസിവ് കേസ്സുകളുൾപ്പെടെ ഇരുപതോളം കേസ്സുകൾ നിലവിലുണ്ട്.





0 Comments