https://kazhakuttom.net/images/news/news.jpg
Local

പെരുമാതുറ മുതലപ്പൊഴിയിൽ കുളിക്കാനിറങ്ങിയ എട്ടംഗ വിദ്യാർഥികളിൽ രണ്ടു പേരെ തിരയിൽപ്പെട്ട് കാണാതായി


കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴിയിൽ കുളിക്കാനിറങ്ങിയ എട്ടംഗ വിദ്യാർഥികളിൽ രണ്ടു പേരെ തിരയിൽപ്പെട്ട് കാണാതായി. വക്കം മണക്കാട്ടു വിളാകം ബിഭുവിന്റെ മകൻ ദേവനാരായണൻ (15), വക്കം അലിയിറക്കം വീട്ടിൽ സോമന്റെ മകൻ ഹരിചന്ദ് എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പം കടലിൽപ്പെട്ടു കാണാതായ വക്കം സ്വദേശി 15 വയസുകാരൻ ഗോകുൽ ദാസിനെ മത്സ്യ തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെടുത്തി. പരിക്കേറ്റ ഗോകുലിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ വിദ്യാർഥികൾക്കായുള്ള തിരച്ചിൽ രാത്രി വരെ തുടർന്നെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ തെരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മറൈൻ എൻഫോഴ്സ്മെൻറ്, കോസ്റ്റ് ഗാർഡ്, ഫയർ ഫോഴ്‌സ്, പരമ്പരാഗത മത്സ്യതൊഴിലാളികൾ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്. കടയ്ക്കാവൂർ എസ്.എസ്.പി.എച്ച്.എസ്.എസിലെ 10-ാം ക്ലാസ് വിദ്യാർഥികളായ എട്ടംഗ സംഘം ഇന്നലെ നടന്ന സ്ക്കൂൾ യൂത്ത് ഫെസ്റ്റിവലിനിടെയാണ് നാല് സൈക്കിളുകളിലായി മുതലപ്പൊഴിയിലെത്തിയത്. കടലിൽ കാണാതായ ദേവനാരായണനും ഹരിചന്ദും പരിക്കുകളോടെ രക്ഷപ്പെട്ട ഗോകുൽ ദാസും പുലിമുട്ടിനടുത്ത് നിന്നും കുറച്ച് ദൂരം കടലിലേക്കിറങ്ങി. ഇതിനിടെ വന്ന തിരയിൽപ്പെട്ടായിരുന്നു മൂവരും അപകടത്തിൽപ്പെട്ടത്. ഇത് കണ്ട് കടൽക്കരയിൽ കുളിച്ച് കൊണ്ടിരുന്ന മറ്റു വിദ്യാർഥികളായ ജയസൂര്യ, ഖാലിദ്, ജിജിൻ, സുജിത്ത്, സൂര്യ എന്നിവരുടെ നിലവിളി കേട്ടെത്തിയ മത്സ്യ തൊഴിലാളികൾ ഗോകുലിനെ രക്ഷപ്പെടുത്തിയെങ്കിലും ദേവനാരായണനും, ഹരിചന്ദും കടലിൽ അപ്രത്യക്ഷമാവുകയായിരുന്നു.

പെരുമാതുറ മുതലപ്പൊഴിയിൽ കുളിക്കാനിറങ്ങിയ എട്ടംഗ വിദ്യാർഥികളിൽ രണ്ടു പേരെ തിരയിൽപ്പെട്ട് കാണാതായി

0 Comments

Leave a comment