കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് യു.ഡി.എഫ് അംഗങ്ങളെ അയോഗ്യരാക്കി. മൈതാനി ഡിവിഷൻ അംഗം അഡ്വ. അൽത്താഫ്, അണ്ടൂർകോണം ഡിവിഷൻ അംഗം ജലജ കുമാരി, തുമ്പ ഡിവിഷൻ അംഗം ജോളി പത്രോസ് എന്നിവരെയാണ് തുടർച്ചയായ മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്നതിന് അയോഗ്യരാക്കിയത്. പഞ്ചായത്ത് രാജ് ആക്റ്റ് 1994 സെക്ഷൻ 35(കെ) പ്രകാരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.ഷൈനിയാണ് അംഗങ്ങളെ അയോഗ്യരാക്കിയത്. എന്നാൽ അംഗങ്ങളെ അയോഗ്യരാക്കിയതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ താൽകാലിക സ്റ്റേ അനുവദിച്ചു. കമ്മിറ്റി കൂടാൻ നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ അല്ലാതെ കമ്മിറ്റി വിളിച്ചു കൂട്ടിയെന്നും പല കമ്മിറ്റികളും നടക്കുന്ന കാര്യം തങ്ങളെ അറിയിച്ചില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാതെ അംഗങ്ങളെ അയോഗ്യരാക്കാൻ കത്ത് നൽകിയ ബ്ലോക്ക് സെക്രട്ടറി ജി.ഷൈനിയ്ക്കെതിരെ 25,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് യു.ഡി.എഫ് അംഗമായ അഡ്വ. അൽത്താഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് യു.ഡി.എഫ് അംഗങ്ങളെ അയോഗ്യരാക്കി





0 Comments