/uploads/news/news_പ്രിയപ്പെട്ട_തങ്ങളെ_അവസാനമായി_ഒരുനോക്ക്‌..._1646633539_9833.jpg
Local

പ്രിയപ്പെട്ട തങ്ങളെ അവസാനമായി ഒരുനോക്ക്‌ കാണാനാവാത്ത വേദനയില്‍ ആയിരങ്ങള്‍…


മലപ്പുറം: ‘ഇന്ന് രാവിലെ ഒമ്പതുവരെ പൊതുദര്‍ശനം ഉണ്ടാവുമെന്ന് കരുതിയാണ് പുറപ്പെട്ടത്. പക്ഷേ ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഖബറടക്കം കഴിഞ്ഞെന്ന്’.

ഇടുക്കി തൊടുപുഴയില്‍ നിന്ന് എത്തിയ മുഹമ്മദിന്റെ വാക്കുകളാണ്. ‘തൊടുപുഴയില്‍ നിന്ന് തനിച്ച്‌ ബസുകയറിയാണ് മലപ്പുറത്തേക്ക് എത്തിയത്. അവസാനമായി ഒരുനോക്ക് കാണാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്’. ഇത് മുഹമ്മദിന്റെ മാത്രം വാക്കുകളല്ല, കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് പ്രിയനേതാവിനെ കാണാനാവാതെ നിരാശരായത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണവാര്‍ത്ത പലരും ഞെട്ടലോടെയാണ് കേട്ടത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും തിരിച്ചുവരുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് മരണവാര്‍ത്തയും എത്തുന്നത്. മരണവിവരം അറിഞ്ഞത് മുതല്‍ മലപ്പുറം കൊടപ്പനക്കല്‍ തറവാട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരിക്കും ഖബറടക്കം എന്നറിയിച്ചതോടെ ആ സമയം കണക്കാക്കി പ്രവര്‍ത്തകര്‍ മയ്യിത്ത് പൊതുദര്‍ശനത്തിന് വെച്ച മലപ്പുറം ടൗണ്‍ ഹാളിലേക്ക് പുറപ്പെട്ടു.

മൃതദേഹം ടൗണ്‍ഹാളിലേക്ക് എത്തും മുമ്പ് തന്നെ റോഡിനിരുവശവും ആളുകളെകൊണ്ട് നിറഞ്ഞിരുന്നു. എല്ലാവര്‍ക്കും മയ്യിത്ത് കാണാന്‍ അവസരമുണ്ടാകും ആരും തിരക്ക് കൂട്ടരുതെന്ന് ഇടയ്ക്കിടെ മൈക്കില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ പൊലീസിനും ഗാര്‍ഡുകള്‍ക്കും നിയന്ത്രിക്കാനാവാത്ത രീതിയിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായി. അതിനിടയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ടൗണ്‍ഹാളിലേക്ക് എത്തിക്കൊണ്ടിരുന്നു. തിക്കിലും തിരക്കിലും പെട്ട് മുന്‍മന്ത്രി പി.കെ റബ്ബ് ഉള്‍പ്പടെ നിരവധിപേര്‍ കുഴഞ്ഞുവീണിരുന്നു. പക്ഷേ രാത്രി 12 മണിയോടെയായപ്പോഴേക്കും കാര്യങ്ങള്‍ പൂര്‍ണമായും കൈവിട്ടു. തങ്ങളുടെ മൂക്കില്‍ നിന്നും രക്തം വന്നുതുടങ്ങിയതോടെ മൃതദേഹം കൂടുതല്‍ നേരം പൊതുദര്‍ശനത്തിന് വെയ്ക്കുന്നത് ഉചിതമാകില്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശവും കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചിരുന്നു.

അപ്പോഴാണ്കൂടി നിന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ട് പൊതുദര്‍ശനം നിര്‍ത്തുന്നുവെന്ന പ്രഖ്യാപനം പാണക്കാട് സാദിഖലി തങ്ങള്‍ നടത്തിയത്. തൊട്ട് പിന്നാലെ തന്നെ ഖബറടക്കം ഉടന്‍ നടത്തുമെന്ന വിവരവും പുറത്ത് വന്നു. അപ്പോഴും റോഡിനിരുവശവും ജനലക്ഷങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.തുടര്‍ന്ന് മൃതദേഹം കൊടപ്പനക്കല്‍ തറവാട്ടിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് പുലര്‍ച്ചെ 2.30 ന് ഖബറടക്കാന്‍ തീരുമാനിച്ചത്. അര്‍ദ്ധരാത്രിയിലും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം നടത്തിയത്.

തിരുവനന്തപുരത്ത് നിന്നും ഈരാറ്റുപേട്ടയില്‍ നിന്നും കാസര്‍കോട് പടന്നയില്‍ നിന്നും കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്നുമെല്ലാമുള്ള പ്രവര്‍ത്തകര്‍ പാതി വഴിയിലെത്തിയപ്പോഴാണ് ഖബറടക്കം നേരത്തെയാക്കിയെന്ന തീരുമാനത്തെകുറിച്ച്‌ അറിയുന്നത്. ടൂറിസ്റ്റ് ബസുകളും ട്രാവലറുകളും മറ്റ് വാഹനങ്ങളും വിളിച്ച്‌ കൂട്ടത്തോടെയാണ് പ്രവര്‍ത്തകര്‍ എത്തിയത്. കാസര്‍കോഡുള്ളവര്‍ കോഴിക്കോട് എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ തൃശ്ശൂരില്‍ നിന്നാണ് വിവരം അറിഞ്ഞത്. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായില്ലെങ്കിലും അദ്ദേഹത്തിന്റെ ഖബറിടത്തിലെത്തി പ്രാര്‍ഥിക്കാനും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാനുമായി അവര്‍ യാത്ര തുടരുകയായിരുന്നു. ഖബറടക്കിയത് മുതല്‍ നേരം പുലര്‍ന്നിട്ടും പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നടന്നുകൊണ്ടിരിക്കുകയാണ്. ഊഴമിട്ടാണ് മയ്യിത്ത് നമസ്‌കാരം നടക്കുന്നത്. രാഷ്ട്രീയ നേതാക്കളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പാര്‍ട്ടിപ്രവര്‍ത്തകരുമടക്കം പ്രായഭേദമന്യേ ആയിരക്കണക്കിനാളുകളാണ് പാണക്കാടേക്ക് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.

അര്‍ബുദബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഞായറാഴ്ച രാവിലെ ഹൈദരലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞത്. അങ്കമാലിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് പാണക്കാട്ടെ വീട്ടിലെത്തിച്ച്‌ ബന്ധുക്കള്‍ക്ക് കാണാനും മയ്യിത്ത് നമസ്‌കരിക്കാനുമുള്ള അവസരമൊരുക്കി. ഇതിനുശേഷമാണ് മലപ്പുറത്തെ ടൗണ്‍ഹാളിലെത്തിച്ച്‌ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചത്. പാണക്കാട് ജുമാമസ്ജിദില്‍ അവസാന മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊലീസ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാന്‍, എ.കെ ശശീന്ദ്രന്‍, കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അടക്കം മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായില്ലെങ്കിലും അദ്ദേഹത്തിന്റെ ഖബറിടത്തിലെത്തി പ്രാര്‍ഥിക്കാനും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാനുമായി അവര്‍ യാത്ര തുടരുകയായിരുന്നു.

0 Comments

Leave a comment