/uploads/news/news_ഭിന്നശേഷി_സമൂഹത്തിനുള്ള_ശാക്തീകരണ_സന്ദേശ..._1645837931_4677.jpg
Local

ഭിന്നശേഷി സമൂഹത്തിനുള്ള ശാക്തീകരണ സന്ദേശവുമായി കണ്ണുകെട്ടി ബൈക്കോടിച്ചു യുവമാന്ത്രികര്‍


കഴക്കൂട്ടം: കണ്ണടച്ച് ഇരുട്ടാക്കേണ്ടതല്ല ഭിന്നശേഷിക്കുട്ടികളുടെ ലോകമെന്നും കണ്‍തുറന്ന് കാണാനും അവരെ ചേര്‍ത്തു നിര്‍ത്താനുമുള്ള ഉത്തരവാദിത്വത്തിലേയ്ക്ക് സമൂഹം വളരണമെന്നുള്ള സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് മാജിക് പ്ലാനറ്റിലെ രണ്ട് യുവ മാന്ത്രികര്‍ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിളോടിച്ചു. ചന്തവിള, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിന് മുന്‍വശത്തു നിന്നും വെട്ടുറോഡ് വരെയുള്ള ഒരു കിലോ മീറ്റര്‍ ദൂരമാണ് മുഹമ്മദ് ഷാനു, അശ്വിന്‍ വിതുര എന്നീ മാന്ത്രികര്‍ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിളോടിച്ചത്. 


അമേരിക്കന്‍ മലയാളി കൂട്ടായ്മയായ ഫൊക്കാനയുടെ 2022ലെ കേരള കണ്‍വെന്‍ഷന് നാന്ദി കുറിച്ചു കൊണ്ടാണ് ഈ ഇന്ദ്രജാല പ്രകടനം അരങ്ങേറിയത്. കറുത്ത തുണികൊണ്ട് തയ്യാറാക്കിയ ബാഗിനുള്ളിലേയ്ക്ക് മാന്ത്രികരുടെ മുഖം കടത്തുകയും ഇറുകെ കെട്ടുകയും ചെയ്തു.  സിറ്റി പൊലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസ് മാന്ത്രികരുടെ കണ്ണുകെട്ടി. തുടര്‍ന്ന് മാന്ത്രികര്‍ ഒരു കിലോമീറ്റര്‍ ദൂരം സദുദ്ദേശ സന്ദേശ പ്രചാരണാര്‍ത്ഥം ബൈക്ക് യാത്ര നടത്തുകയായിരുന്നു. 


കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ് കുട്ടി അഗസ്റ്റി യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. വെട്ടുറോഡില്‍ അവസാനിച്ച യാത്രയില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് ഹരി സി.എസ് മാന്ത്രികരുടെ കണ്ണ് കെട്ടഴിച്ചു. ഇത് നല്ലൊരനുഭവമായിരുന്നെന്നും ഈ ഉദ്യമത്തിന് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും യാത്ര വിജയകരമായി പൂർത്തിയാക്കിയ യുവ മാന്ത്രികരായ മുഹമ്മദ് ഷാനുവും അശ്വിന്‍ വിതുരയും പറഞ്ഞു.


മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ഇന്റര്‍നാഷണല്‍ കോ-ഓഡിനേറ്റര്‍ പോള്‍ കറുകപ്പള്ളി, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍,  അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ ബിജു കൊട്ടാരക്കര, നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീലാ മാരേട്ട്, ട്രസ്റ്റീ ബോര്‍ഡ്  ചെയര്മാന് ഫിലിപ്പോസ് ഫിലിപ്, മറ്റ് ഫൊക്കാന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഭിന്നശേഷി സമൂഹത്തിനുള്ള ശാക്തീകരണ സന്ദേശവുമായി കണ്ണുകെട്ടി ബൈക്കോടിച്ചു യുവമാന്ത്രികര്‍

0 Comments

Leave a comment