തിരുവനന്തപുരം: ആർ.സി.സി, മെഡിക്കൽ കോളേജ്, എസ്എ.ടി, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളിൽ ചികിത്സകൾക്കായി വരുന്ന രോഗികൾക്ക് ആശ്വാസമായി കെ.എസ്ആ.ർ.ടി.സിയുടെ സർക്കുലർ സർവീസ് ഇന്ന് ആർ.സി.സി അങ്കണത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവ്വഹിച്ചു. ഇതിനായി മൂന്ന് മിനി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും അദ്ദേഹം നടത്തി. ആർ.സി.സിയുടെ അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ നിന്ന് ആശുപത്രിയിലേക്ക് പതിനഞ്ച് മിനിട്ട് ഇടവേളയിൽ ഓടുന്ന ബസുകളിൽ ഒരാളിന് പത്ത് രൂപയാണ് ടിക്കറ്റ് നിരക്ക്. നിംസ് മെഡിസിറ്റിയും കനിവ് ചാരിറ്റബിൾ സംഘടനയും രോഗികളായ ഇരുപതിനായിരം പേർക്ക് സൗജന്യ യാത്ര സ്പോൺസർ ചെയ്തിട്ടുണ്ട്. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികൾ പോലും ചികിത്സക്കായി ചാലക്കുഴി, എൽ.ഐ.സി, കുമാരപുരം, പട്ടം, ഉള്ളൂർ തുടങ്ങിയ സ്ഥലങ്ങളിൽ മുറിയെടുത്ത് താമസിക്കുന്നുണ്ട്. ഇവർക്ക് എല്ലാ ദിവസവും ആശുപത്രികളിൽ പോകാനും തിരികെ വരാനും ഓട്ടോ റിക്ഷയാണ് ആശ്രയം. ദൂരസ്ഥലങ്ങളിൽ നിന്നും ചികിത്സക്കായി ആർ.സി.സി ഉൾപ്പെടെയുള്ള ആശുപത്രികളിൽ, കെ.എസ്.ആർ.ടി.സി ബസുകളിൽ വരുന്ന രോഗികളിൽ ഭൂരിഭാഗം പേർക്കും നല്ലൊരു തുക ഓട്ടോ യാത്രക്ക് മാത്രം നൽകേണ്ടി വരുന്നുണ്ട്. ദിനംപ്രതി വില കൂടിക്കൊണ്ടിരിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും പേരും പറഞ്ഞ് യാത്രക്കാരിൽ നിന്നും അമിതമായി യാത്രക്കൂലി വാങ്ങുന്ന ഓട്ടോക്കാരും രോഗികളുടെ കൂടെ വരുന്നവരും തമ്മിലുള്ള വഴക്കുകൾക്കും തർക്കങ്ങൾക്കും ഈ സർക്കുലർ സർവീസ് ഒരു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
രോഗികൾക്ക് ആശ്വാസമായി തിരുവനന്തപുരത്ത് കെ എസ് ആർ ടി സി യുടെ സർക്കുലർ സർവീസ്.





0 Comments