കഴക്കൂട്ടം: ഇന്നലെ കഴക്കൂട്ടം സബ്ട്രഷറിയുടെ പ്രവർത്തനം വൈദ്യുതിയും ഇന്റർനെറ്റും ലഭിക്കാത്തതിനെ തുടർന്ന് നിലച്ചു. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിലാണ് ട്രഷറി പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന കൂറ്റൻ തണൽ മരം മുറിച്ച് മാറ്റുന്നതിന്റെ ഭാഗമായി ഇന്നലെ രാവിലെ കെ.എസ്.ഇ.ബി വൈദ്യുതി ലൈൻ ഓഫാക്കിയതാണ് പ്രശ്നത്തിനു കാരണമായത്. ജനറേറ്റർ ഇല്ലാതിരുന്നതിനാൽ ട്രഷറിയിലെ കംപ്യൂട്ടറുകൾ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലുമായി. അതോടെ രാവിലെ തന്നെ ടോക്കണെടുത്തു കാത്ത് നിന്ന പെൻഷൻകാർ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായെത്തിയ നൂറ് കണക്കിന് ആളുകളാണ് വലഞ്ഞത്. ജില്ലയിലെ ഏറ്റവും വലിയ ട്രഷറികളിൽ ഒന്നായ കഴക്കൂട്ടം സബ് ട്രഷറിയുടെ പ്രവർത്തനമാണ് ഇന്നലെ പൂർണമായും അവതാളത്തിലായത്. ബാറ്ററികൾ കൊണ്ട് പ്രവർത്തിച്ച കംപ്യൂട്ടറുകളിൽ ഇന്റർനെറ്റ് ലഭിച്ചതുമില്ല. അതേ സമയം മണി പതിനൊന്നായിട്ടും ഇടപാടുകൾ ഒന്നും നടക്കാത്തതോടെ കാത്തിരുന്നവർ ക്ഷുഭിതരായി ജീവനക്കാരുടെ മുന്നിലെത്തി ബഹളം വെച്ചു. ഇന്നലെ ടോക്കൺ ലഭിച്ചവർക്ക് അടുത്ത ദിവസം ആദ്യ പരിഗണന നൽകാമെന്ന് ജീവനക്കാരുടെ ഉറപ്പ് ലഭിച്ചതോടെയാണ് നിന്നവർ പിരിഞ്ഞു പോയത്. ഇന്റർനെറ്റിന്റെ തകരാർ മൂലം കഴക്കൂട്ടം ട്രഷറിയിൽ ഇടപാടുകാർക്ക് ബുദ്ധിമുട്ടുണ്ടാവുന്നത് സ്ഥിരമാണ്.
വൈദ്യുതിയും ഇന്റർനെറ്റും ഇല്ലാതെ കഴക്കൂട്ടം സബ്ട്രഷറിയുടെ പ്രവർത്തനം താറുമാറായി





0 Comments