/uploads/news/889-IMG-20190819-WA0056.jpg
Local

ശുചീകരണ യജ്ഞത്തിനായി മംഗലപുരം മലപ്പുറത്തേക്ക്


മംഗലപുരം: പ്രളയത്തിൽ നിന്നും അതിജീവിക്കാൻ സഹജീവികൾക്ക് അതിജീവനത്തിന്റെ പാതയൊരുക്കാനായി മംഗലപുരം ഗ്രാമ പഞ്ചായത്ത് മലപ്പുറത്തേക്ക് യാത്ര തിരിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകൾ കഴുകി വൃത്തിയാക്കുവാനും കിണറുകൾ വൃത്തിയാക്കുവാനും മലിനജലം മാറ്റുവാനുമായി മംഗലപുരം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാന പ്രകാരം പ്രഡിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിലാണ് ഇന്നലെ സംഘം മലപ്പുറത്തേക്ക് തിരിച്ചത്. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, എം.ഷാനവാസ്, വി.അജികുമാർ, സി.ജയ്മോൻ, വേണുഗോപാലൻ നായർ, എം.എസ്.ഉദയകുമാരി, എന്നിവരോടൊപ്പം ഇലക്ട്രീഷ്യൻമാരും, പ്ലംബർമാരും അടങ്ങിയ 26 പേരടങ്ങുന്ന സംഘം 2 വാഹനങ്ങളിലായാണ് പുറപ്പെട്ടത്. ഒരു വാഹനത്തിൽ യാത്രക്കാരും മറ്റൊന്നിൽ ക്ലീനിംങ് ഉപകരണങ്ങളുമാണ്. വീടു വൃത്തിയാക്കാനുള്ള സാധനങ്ങളും കിണർ ഇറയ്ക്കുവാനുള്ള മോട്ടോറും ജനറേറ്ററും പ്ലംബിംങ്ങ് ഉപകരണങ്ങളും ഇലക്ട്രിക്കൽ ഉപകരണങ്ങളും അടക്കം കരുതിയിട്ടുണ്ട്. അഞ്ചു ദിവസത്തേയ്ക്കായാണ് യാത്ര. ഭക്ഷ്യ ധാന്യവും, വസ്ത്രങ്ങളും, ക്ളീനിംഗ് വസ്തുക്കളും അടങ്ങിയ ഒരു ലോഡ് അവശ്യ സാധനങ്ങൾ കഴിഞ്ഞയാഴ്ച ഗ്രാമ പഞ്ചായത്ത് മലപ്പുറത്തേക്ക് അയച്ചിരുന്നു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡണ്ട് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ലളിതാംബിക, എസ്.ആർ.കവിത, അമൃത, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ് എന്നിവർ ചേർന്ന് സംഘത്തെ യാത്ര അയച്ചു.

ശുചീകരണ യജ്ഞത്തിനായി മംഗലപുരം മലപ്പുറത്തേക്ക്

0 Comments

Leave a comment