തിരുവനന്തപുരം: തലസ്ഥാനത്തെ സിറ്റി സർക്കുലർ ബസ് സർവീസ് ലാഭത്തിലായതായി കെഎസ്ആർടിസി. തിരുവനന്തപുരം നഗരത്തിലെ സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് 2021 നവംബർ 29 നാണ് 64 സിറ്റി സർക്കുലർ സർവീസ് ആരംഭിച്ചത്. ജൻറം ഡീസൽ ബസുകൾ ഉപയോഗിച്ചായിരുന്നു ഈ സർവീസുകൾ. തുടങ്ങിയകാലത്ത് ആയിരത്തോളം യാത്രക്കാർ മാത്രമാണു യാത്ര ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ദിവസേന 34,000ത്തിലധികം യാത്രക്കാരാണ് ബസിൽ കയറുന്നത്. ഈ സാമ്പത്തിക വർഷം യാത്രക്കാരുടെ എണ്ണം ദിവസേന അരലക്ഷത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
2022 ഓഗസ്റ്റ് 1 മുതൽ, സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം നഗരത്തിൽ 25 പുതിയ ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലർ സർവീസിന്റെ ഭാഗമായി നിരത്തിലിറക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇലക്ട്രിക് ബസുകളിൽ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോമീറ്ററിന് 23 രൂപ മാത്രമാണ് ചെലവ്. ശരാശരി വരുമാനം കിലോമീറ്ററിന് 35 രൂപ. ഓഗസ്റ്റിൽ 28 ലക്ഷം രൂപയും, സെപ്റ്റംബറിൽ 32 ലക്ഷം രൂപയും (മൊത്തം 60 ലക്ഷം രൂപ) ഡീസൽ ചെലവ് ഇനത്തിൽ ലാഭിക്കാനായി. ഇതിനു പുറമേ, സർവീസ് നടത്താൻ സ്വിഫ്റ്റ് ജീവനക്കാരെ നിയോഗിച്ചത് വഴി ജീവനക്കാരുടെ ശമ്പള ഇനത്തിൽ ഒരു മാസം ശരാശരി 12 ലക്ഷം രൂപയും ലാഭിക്കാനാകുന്നുണ്ട്.
നിലവിൽ ഡീസൽ ബസുകളുടെ ചെലവ് കിലോമീറ്ററിന് 74 രൂപ ആണ്. വരുമാനം 35 രൂപ മാത്രവും. പുതിയ ഇലക്ട്രിക് ബസുകൾക്ക് 2 വർഷത്തെ വാറന്റി ഉള്ളതിനാൽ ഡീസൽ ബസുകളെപ്പോലെ ഓയിൽ മാറ്റുകയോ, മറ്റ് ചെലവുകളോ ഇല്ലാത്തതുകൊണ്ടും, മെയിന്റനൻസ് ഇനത്തിൽ ഒരു മാസം 25 ഇലക്ട്രിക് ബസിൽ നിന്ന് മാസം ശരാശരി 40 ലക്ഷം രൂപയുടെ ലാഭം ഉണ്ടാകുന്നതായും കോർപ്പറേഷൻ അവകാശപ്പെട്ടു. 10 പുതിയ ഇലക്ട്രിക് ബസുകൾ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. 5 എണ്ണം കൂടി അടുത്ത ആഴ്ച എത്തും. നവംബർ മാസത്തിൽ ഇവ കൂടി സർവീസ് നടത്തുമ്പോൾ ഡീസൽ ഇനത്തിൽ കൂടുതൽ ലാഭം കിട്ടുമെന്നും കോർപ്പറേഷൻ പ്രതീക്ഷിക്കുന്നു.
പുതിയ ഇലക്ട്രിക് ബസുകൾക്ക് 2 വർഷത്തെ വാറന്റി ഉള്ളതിനാൽ ഡീസൽ ബസുകളെപ്പോലെ ഓയിൽ മാറ്റുകയോ, മറ്റ് ചെലവുകളോ ഇല്ലാത്തതുകൊണ്ടും, മെയിന്റനൻസ് ഇനത്തിൽ ഒരു മാസം 25 ഇലക്ട്രിക് ബസിൽ നിന്ന് മാസം ശരാശരി 40 ലക്ഷം രൂപയുടെ ലാഭം ഉണ്ടാകുന്നതായും കോർപ്പറേഷൻ അവകാശപ്പെട്ടു.





0 Comments