/uploads/news/news_സ്റ്റേഷൻകടവിലും,_കൊച്ചുവേളിയിലും_റെയില്‍..._1680767951_8856.jpg
Local

സ്റ്റേഷൻകടവിലും, കൊച്ചുവേളിയിലും റെയില്‍വേ മേല്‍പാലങ്ങൾ വരുന്നു


കഴക്കൂട്ടം: ഗതാഗതക്കുരുക്കിനാല്‍ ശ്വാസം മുട്ടുന്ന സ്റ്റേഷന്‍കടവ് ജംഗ്ഷന്‍, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേഫാക്ടറി ജംഗ്ഷൻ എന്നിവിടങ്ങളിൽ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കാനായി പ്രോജക്ട് തയ്യാറാക്കാന്‍ റെയില്‍വേക്ക് കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ് നിര്‍ദ്ദേശം നല്‍കി. കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ ദില്ലിയിലെത്തി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 രാജ്യസഭ എംപിമാരായ ഡോ.ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, എന്നിവര്‍ക്കൊപ്പമാണ് കടകംപള്ളി മന്ത്രിയെ സംന്ദര്‍ശിച്ചത്. രാജ്യമെമ്പാടും 1600ലധികം മേല്‍പ്പാലം നിര്‍മിക്കുകയാണെന്നും കൂട്ടത്തില്‍ ഈ രണ്ട് മേല്‍പ്പാലങ്ങളും പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കഴക്കൂട്ടം മണ്ഡലത്തിന്റെ തീരമേഖലയെയും നഗരപ്രദേശത്തെയും വേര്‍തിരിക്കുന്നത് റെയില്‍വേ ട്രാക്ക് ആണ്. വി.എസ്.എസ്.സി ടെക്നോപാര്‍ക്ക്, ടെക്നോസിറ്റി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് റെയില്‍വേ ട്രാക്കിനു ഇരുവശത്തുമുള്ള പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നത്. സ്‌കൂളുകളും, കെട്ടിടങ്ങളും ആശുപത്രികളും തുടങ്ങി ഒട്ടനേകം സ്ഥാപനങ്ങള്‍ വേറെയുമുണ്ട്. അതുകൊണ്ട് തന്നെ പതിനായിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും ഇവിടുത്തെ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചു കടക്കേണ്ടത്.

 ഈ രണ്ടു പ്രദേശങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍ ക്രോസുകളാണ് സ്റ്റേഷന്‍ കടവിലെയും ക്ലേ ഫാക്ടറി ജംങ്ഷനിലെയും. എന്നാല്‍ ഇവിടെ റെയില്‍വേ മേല്‍പ്പാലങ്ങളുടെ അഭാവത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ്  ഉണ്ടാവുന്നത്. ഇതില്‍ വി.എസ്.എസ്.സിയിലേക്കുള്ള ഹെവി വാഹനങ്ങളും ആംബുലന്‍സുകളും ഉള്‍പ്പെടും.

സ്റ്റേഷന്‍കടവ് ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിന് തങ്ങളുടെ പക്കലുള്ള സ്ഥലം സൗജന്യമായി വിട്ടു നല്‍കാന്‍ വി.എസ്.എസ്.സി സന്നദ്ധത അറിയിച്ചിട്ടുണ്ട്. മറ്റൊരു മേല്‍പാലം വരുന്നത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് ഇംഗ്ലീഷ് ഇന്ത്യൻ ക്ലേഫാക്ടറി ജംങ്ഷനിലാണ്. ഇവിടെ റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്ന വാഹനങ്ങളും മണിക്കൂറുകള്‍ കാത്ത് കിടക്കേണ്ട സ്ഥിതിയായിരുന്നു. ഈ ജംങ്ഷനുകളില്‍ റെയില്‍വേ മേല്‍പ്പാലം വരുന്നതോടെ വലിയ ആശ്വാസമാകും നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടാവുക.

രാജ്യമെമ്പാടും 1600ലധികം മേല്‍പ്പാലം നിര്‍മിക്കുകയാണെന്നും കൂട്ടത്തില്‍ ഈ രണ്ട് മേല്‍പ്പാലങ്ങളും പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

0 Comments

Leave a comment