/uploads/news/2509-IMG_20211125_211045.jpg
Local

അണ്ടൂർക്കോണം സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കണിയാപുരം ആലുംമൂട് ശാഖയുടെ പ്രവർത്തനമാരംഭിച്ചു


കഴക്കൂട്ടം: അണ്ടൂർക്കേോണം സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കണിയാപുരം ആലുംമൂട് ശാഖ സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ.വാസവൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മുൻമന്ത്രിയും കഴക്കൂട്ടം എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ ബാങ്ക് ലോക്കറിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ആലുംമൂട് ജംങ്ങ്ഷനിൽ വെച്ചു നടന്ന സമ്മേളനത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷനായി. കാർഷിക ഗ്രാമമായ കീഴാവൂർ കേന്ദ്രമാക്കി പ്രദേശത്തെ പ്രമുഖനായ ശ്രീപദ്മനാഭൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു കാർഷിക സഹകരണ സംഘം രൂപീകരിക്കുന്നതിനായി 1950 ലാണ് ആദ്യ യോഗം ചേർന്നത്. തുടർന്ന് സംഘത്തിൻ്റെ രൂപികരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും അണ്ടൂർക്കോണം പള്ളിപ്പുറം വില്ലേജുകളിൽപ്പെട്ട പ്രദേശങ്ങളിലും മറ്റു സമീപ പ്രദേശങ്ങളിലും കാർഷികാഭിവൃദ്ധി കൈവരിക്കുന്നതിനായി കാർഷിക - കാർഷികേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി 1951-ൽ അണ്ടൂർക്കോണം സർവ്വീസ് സഹകരണ സംഘമായി രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിക്കുകയും ചെയ്തു. തുടർന്ന് അംഗങ്ങളിൽ നിന്നും പ്രവർത്തന മൂലധനം സ്വരൂപിക്കുകയും കാർഷിക മേഖലയ്ക്ക് ഉതകും വിധം കർഷകർക്ക് വളം, വിത്ത്, കീടനാശിനി മറ്റു കാർഷിക അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി ചെറു കിട വായ്പകൾ നൽകി. കാർഷികോൽപ്പന്നങ്ങൾ ഈടായി സ്വീകരിച്ചു കൊണ്ടു കെട്ട് തെങ്ങ് നിക്ഷേപം പോലുള്ള വായ്പകൾ നൽകി. പിന്നീട് കർഷകരിൽ നിന്നും ചെറു നിക്ഷേപങ്ങൾ സ്വീകരിച്ച് പ്രവർത്തന പുരോഗതി നേടിയ സംഘം 1981 മുതൽ ബാങ്കായി മാറുകയും അണ്ടൂർക്കോണം സർവ്വീസ് സഹകരണ ബാങ്ക് എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു. വിവിധ നിക്ഷേപ പദ്ധതികളാവിഷ്ക്കരിച്ച് നിക്ഷേപ സമാഹരണം വർദ്ധിപ്പിക്കുകയും ഹ്രസ്വകാല മധ്യകാല വായ്പകൾ, സ്വർണ്ണ പണയം, ചെറുകിട കച്ചവട വായ്പകൾ സഹകാരികളുടെ പരസ്പര ജാമ്യത്തിലുള്ള വായ്പകൾ നൽകിക്കൊണ്ട് ജനങ്ങളുടെ ആശ്രയമായി ബാങ്ക് മാറി. ബാങ്കിൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി അണ്ടൂർക്കോണം, കൊയ്ത്തൂർക്കോണം, ആലുംമൂട്, പളളിപ്പുറം, സി.ആർ.പി എന്നീ പ്രദേശങ്ങളിൽ എക്സ്റ്റൻഷൻ കൗണ്ടർ ആരംഭിക്കുകയും ചെയ്തു. ആലുംമൂട് പ്രദേശത്തെ വ്യാപാര വിപണന സാദ്ധ്യത കണക്കിലെടുത്ത് ബാങ്കിൻ്റെ പ്രഥമ ശാഖ ആലുംമൂട് പ്രവർത്തനമാരംഭിച്ചപ്പോൾ തന്നെ സഹകാരികളുടെയും പ്രദേശവാസികളുടെയും പങ്കാളിത്തമുണ്ടാവുകയും നിക്ഷേപ തോത് ഉയരുകയും അതിനാനുപാതികമായ രീതിയിൽ വായ്പാ തോത് ഉയരുകയും ചെയ്തു. ബാങ്കിൻ്റെ നിലവിലെ പ്രവർത്തന മൂലധനം 122.49 കോടി രൂപയും നിക്ഷേപ ബാക്കി നിൽപ്പ് 120.14 കോടി രൂപയും വായ്പ ബാക്കി നിൽപ്പ് 75 കോടിയും കാർഷിക വായ്പാ ബാക്കി നിൽപ്പ് 2 കോടി രൂപയുമാണ്. വായ്പാ തുകയുടെ പരിധി ഉയർത്തി ഹ്രസ്വകാല മധ്യകാല ദീർഘകാല വായ്പകൾ നൽകി വരുന്നുണ്ട്. അംഗങ്ങളുടെ സമ്പാദ്യ ശീലം വളർത്തുന്നതിനായി വിവിധയിനം നിക്ഷേപ പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്. കൂടാതെ സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ പദ്ധതിയിൽപ്പെടുത്തി കന്നുകാലികളെ വാങ്ങുന്നതിനും നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ വാങ്ങുന്നതിന് പലിശ രഹിത വായ്പയായി വിദ്യാ തരംഗിണി വായ്പയും, കോവിഡാനന്തര വരുമാന നഷ്ടം ഉണ്ടായ കുടുംബങ്ങളിലെ വനിതകൾക്ക് കുടുംബശ്രീ മുഖാന്തിരം സെൽഫ് ഹയർ ഗ്രൂപ്പ് വായ്പയും, മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പയും നൽകി വരുന്നു. കോവിഡ് മൂലം തൊഴിലില്ലായ്മയും വരുമാന നഷ്ടവും സംഭവിച്ച അംഗങ്ങൾക്ക് ലാഭം പ്രതീക്ഷിക്കാതെ കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്പയും നൽകി വരുന്നു. ബാങ്കിംങ് രംഗത്തെ നൂതന സംവിധാനങ്ങളായ ആർ.റ്റി.ജി.എസ്, നെഫ്റ്റ്, ഫണ്ട് ട്രാൻസ്ഫർ, വെസ്റ്റേൺ മണി ട്രാൻസ്ഫർ എന്നീ സേവനങ്ങളും അംഗങ്ങളുടെ സുരക്ഷിത സൂക്ഷിപ്പുകൾക്കായി ലോക്കർ സംവിധാനവും ബാങ്കിൽ പ്രവർത്തിക്കുന്നുണ്ട്. ഒപ്പം സംസ്ഥാന സർക്കാരിൻ്റെ സാമൂഹ്യ സേവന പെൻഷൻ ബാങ്കിലെ ജീവനക്കാർ ഗുണഭോക്താക്കൾക്ക് ഉത്തരവാദിത്വത്തോടെ തന്നെ വീടുകളിലെത്തിക്കുന്ന പ്രവർത്തനവും നടന്നു വരുന്നു. ആലുംമൂട് ജംങ്ങ്ഷനിൽ വെച്ചു നടന്ന സമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ, ജില്ലാപഞ്ചായത്തംഗം ഉനൈസാ അൻസാരി, ബാങ്ക് പ്രസിഡന്റ് ബി.രാജേന്ദ്രകുമാർ, എൽ.സി സെക്രട്ടറി ജെ.ഉണ്ണികൃഷ്ണൻ നായർ, ബാങ്ക് സെക്രട്ടറി (ഇൻചാർജ്) എസ്.പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

അണ്ടൂർക്കോണം സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കണിയാപുരം ആലുംമൂട് ശാഖയുടെ പ്രവർത്തനമാരംഭിച്ചു

0 Comments

Leave a comment