/uploads/news/news_അനിശ്ചിതത്വത്തിൽ__കഴക്കൂട്ടം_എലിവേറ്റഡ്_..._1668492492_5851.jpg
Local

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനം അനിശ്ചിതത്വത്തിൽ


കഴക്കൂട്ടം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനത്തിൽ അനിശ്ചിതത്വം. ഇന്ന് (നവംബർ 15) ഗതാഗതത്തിനായി എലിവേറ്റഡ് ഹൈവേ തുറന്നുകൊടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ, ഗതാഗതത്തിന് ഇന്ന് മേൽപാലം തുറക്കരുതെന്ന് ദേശീയപാത അതോറിറ്റിക്ക് കേന്ദ്രത്തിൽനിന്ന് നിർദേശം ലഭിച്ചതായി അറിയുന്നു. അടുത്ത ആഴ്ചയിൽ ഏതെങ്കിലും ദിവസം ഉദ്ഘാടനം ഉണ്ടാകുമെന്നാണ് ദേശീയപാത അതോറിറ്റി നൽകുന്ന സൂചന. എന്നാൽ, ഉദ്ഘാടന തീയതി എന്നാണെന്നറിയില്ല.

കഴിഞ്ഞ മാസം 21ന് മേൽപാലം സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നവംബർ 15ന് മേൽപാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദേശീയപാത അതോറിറ്റി റീജണൽ ഓഫിസർ ബി.എൽ. മീനയും ഈ ഉറപ്പായിരുന്നു നൽകിയിരുന്നത്. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിരുന്നു. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിർമിച്ച മേൽപാലത്തിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാർ നിശ്ചയിച്ചതിൽ കേന്ദ്രത്തിന് അതൃപ്തിയുണ്ട്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയായിരുന്നു പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തിയതെന്നതിനാൽ, അദ്ദേഹത്തിനെ ഉദ്ഘാടകനായി കൊണ്ടുവരാനാണ്  അണിയറയിൽ നീക്കം നടക്കുന്നത്. എലിവേറ്റഡ് ഹൈവേ ഉദ്ഘാടനത്തിന് സജ്ജമാണെന്ന് നിർമ്മാണ കമ്പനിയായ ആർ.ഡി.എസ് അധികൃതർ പറഞ്ഞു. അതേസമയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷമാകും പാലത്തിൽ ഗതാഗതം ആരംഭിക്കുക.

എലിവേറ്റഡ് ഹൈവേയുടെ  ക്രെഡിറ്റിനായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തില്‍ ബി.ജെ.പിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പോരാട്ടം തുടങ്ങിയിട്ട് മാസങ്ങളായി. അതിന്റെ ഭാഗമായി 3 മാസം മുന്‍പ് കേന്ദ്രമന്ത്രി എസ്. ജയശങ്കറെ ബി ജെ പി സ്ഥലത്തെത്തിക്കുകയും, ആ സന്ദർശനത്തെ മുഖ്യമന്ത്രി പരിഹസിക്കുകയുമൊക്കെ ചെയ്തിരുന്നു. 

നേരത്തെ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും, മഴ കാരണം അവസാന ഘട്ട ജോലികൾ നീളുകയും 15 ന് തുറന്നുകൊടുക്കാമെന്ന് ധാരണയാകുകയും ആയിരുന്നു.

 

ഗതാഗതത്തിന് ഇന്ന് മേൽപാലം തുറക്കരുതെന്ന് ദേശീയപാത അതോറിറ്റിക്ക് കേന്ദ്രത്തിൽനിന്ന് നിർദേശം ലഭിച്ചതായി അറിയുന്നു.

0 Comments

Leave a comment