പോത്തൻകോട്: ആത്മീയതയ്ക്ക് ജാതിമത വർഗ്ഗ വർണ വ്യത്യാസമില്ലാതെ നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കുവാൻ സാധിക്കുമെന്നും അങ്ങനെയൊരു ആത്മീയത സ്പന്ദിക്കുന്നൊരിടമാണ് ശാന്തിഗിരി ആശ്രമമെന്നും ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ഇന്നലെ വൈകിട്ട് ശാന്തിഗിരി ആശ്രമത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേത്വരത്വം എന്നത് ഇന്ത്യയുടെ ആത്മാവിൽ ചേർന്നിരിക്കുന്ന സത്യമാണ്. സകലതിനേയും ബഹുമാനിക്കുന്ന ഒരു പാരമ്പര്യം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാന്തിഗിരി ആശ്രമം സന്ദർശിച്ചത് വലിയ അനുഭവമായാണ് താൻ കരുതുന്നത്. ഇവിടെ എനിക്ക് സ്വീകരണം മാത്രമല്ല ലഭിച്ചത്, താൻ അനുഗ്രഹിക്കപ്പെടുകയും ചെയ്തു എന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു. ഗവർണറായി ചുമതലയേറ്റ ശേഷം ആദ്യമായി ആശ്രമം സന്ദർശിക്കുന്ന ഡോ. ആരിഫ് മുഹമ്മദ് ഖാൻ ഭാര്യ രേഷ്മ ആരിഫുമൊത്താണ് ശാന്തിഗിരിയിൽ എത്തിയത്. ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി ഗുരുമിത്രൻ ജ്ഞാന തപസ്വി, ജനനി ദിവ്യ ജ്ഞാന തപസ്വിനി എന്നിവരുടെ നേതൃത്വത്തിൽ ഗവർണ്ണർക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്. ഭാര്യയുമൊത്ത് താമര പർണ ശാലയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഇരുവരും ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയെ സന്ദർശിച്ചു. തുടർന്ന് അനക്സ് ഹാളിൽ നടന്ന സ്വീകരണ യോഗത്തിൽ ഇരുവരും പങ്കെടുത്തു. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വിയും ചേർന്ന് അദ്ദേഹത്തെ പൊന്നാടയണിച്ച് ആദരിച്ചു. അദ്ദേഹത്തിന് ഉപഹാരവും നൽകി. ചടങ്ങിൽ വച്ച് ശാന്തിഗിരി പുറത്തിറക്കിയ 'സമ്പൂർണ ഗുരുവാണി' എന്ന പുസ്തകത്തിന്റെ പ്രകാശനം ഗവർണർ നിർവഹിച്ചു. തുടർന്ന് രാഷ്ട്രീയം, ആത്മീയത തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ച് ആശ്രമത്തിലെ ഗുരു ഭക്തരുമായും സിദ്ധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായും സംവദിച്ചു. ഒട്ടേറെ സന്യാസി, സന്യാസിനിമാരും ഗുരു ഭക്തരും ചടങ്ങിൽ പങ്കെടുത്തു. രണ്ടു മണിക്കൂറോളം ആശ്രമത്തിൽ ചെലവഴിച്ചാണ് ഗവർണ്ണറും ഭാര്യയും മടങ്ങിയത്.
ആത്മീയത രാജ്യത്തെ ഒന്നിപ്പിക്കും: ഗവര്ണര് ഡോ. ആരിഫ് മുഹമ്മദ് ഖാന്





0 Comments