/uploads/news/408-IMG_20190409_020658.jpg
Local

ഇന്ത്യൻ ഭരണഘടന സ്ത്രീകൾക്ക് തുല്യത അനുവദിക്കുന്ന നിലപാടുകൾ, ബി.ജെ.പി അംഗീകരിക്കുന്നില്ല. വൃന്ദാ കാരാട്ട്


കഴക്കൂട്ടം: കഴിഞ്ഞ 5 വർഷമായി ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വത്തിലുള്ള ഗവൺമെന്റ് ഒരിക്കലും ഇന്ത്യൻ ഭരണഘടന, സ്ത്രീകൾക്ക് അനുവദിക്കുന്ന തുല്യത അംഗീകരിക്കുന്ന നിലപാടുകളല്ല സ്വീകരിച്ചു കൊണ്ടിരിക്കുന്നതും നടപ്പാക്കുന്നതുമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. മഹിളാ അസോസിയേഷന്റെ കഴക്കൂട്ടം മണ്ഡലത്തിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച മഹിളാ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വൃന്ദാ കാരാട്ട്. 1950-ൽ അംബേദ്കറുടെ നേത്യത്വത്തിൽ ഇന്ത്യൻ ഭരണഘടന പാസാക്കിയപ്പോൾ ബി.ജെ.പിയുടെ മുൻഗാമികൾ അവർ ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ല എന്നും മനുസ്മൃതിയാണ് വേണ്ടതെന്നുമാണ് പറഞ്ഞത്. ഇന്ത്യയിലെ ഓരോ ഭരണഘടനാ സ്ഥാപനത്തിന്റ മേലും കടന്നാക്രമണം നടത്തുകയാണ് ബി.ജെ.പിയും ആർ.എസ്.എസും. ഇന്ത്യൻ നീതി പീഠത്തിന്റെ ജഡ്ജിമാർ പത്രസമ്മേളനം നടത്തി ജനങ്ങളോട് ഭരണഘടനയും കോടതിയും സംരക്ഷിക്കണമെന്നു പറയുന്നതും ചരിത്രത്തിൽ ആദ്യമാണെന്നും അവർ പറഞ്ഞു. കത്വയിലെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കുറ്റവാളികളെ സംരക്ഷിക്കാൻ സമരത്തിനിറങ്ങിയതടക്കമുള്ള സ്ത്രീ വിരുദ്ധ പ്രവർത്തനങ്ങൾ മറക്കാൻ കഴിയില്ല. ശശി തരൂരിന്റെ പാർട്ടിയിലെ എല്ലാപേരും തവളകളെപ്പോലെയാണ്. കോൺഗ്രസ് പാർട്ടിയിലുള്ളവർ ബി.ജെ.പി.യിലേക്ക് ചാടിച്ചാടി പോവുകയാണെന്നും അവർ പറഞ്ഞു. കോൺഗ്രസുകാർ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നു. ഓരോ സംസ്ഥാനവുമെടുത്ത് പരിശോധിച്ചാൽ മനസിലാവും. ബി.ജെ.പിയിലെ നിലവിലെ എം.പിമാരിൽ 121 പേർ കോൺഗ്രസ് പാർട്ടിയിലെ എം.പി.മാരായിരുന്നു. കോഴിക്കോട് സ്ഥാനാത്ഥിയുടെ കോടിക്കണക്കിന് രൂപയുടെ കോഴ വിവാദം ഇന്ന് ചർച്ചാ വിഷയമാണ്. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടതുപക്ഷത്തിന്റെ അഴിമതിക്കെതിരെ കേസെടുക്കണമെന്നു പറഞ്ഞു കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിൽ ഇടതുപക്ഷം ശക്തമായാൽ കർഷകർക്കും തൊഴിലാളികൾക്കും ദോഷകരമായ നയങ്ങളെയും വർഗ്ഗീയതയ്ക്ക് അനുകൂലമായ നിലപാടുകളെയും ശക്തമായി എതിർക്കാൻ കഴിയും. ബി.ജെ.പിക്കും കോൺഗ്രസിനും ഒരേ നയമാണ്. അവരുടെ നയങ്ങൾ പശ പോലെ ഒട്ടിച്ചിരിക്കുകയാണ്. ഇന്ന് വിമാനത്താവളം വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ ശശി തരൂർ അദാനിയുമായി ഒത്തു കളിക്കുകയാണ്. ഇതാണ് കോർപ്പറേറ്റുകൾക്കു വേണ്ടി കോൺഗ്രസിനെയും ബി.ജെ.പിയെയും ഒന്നിപ്പിക്കുന്ന ഘടകം. ജനുവരി ഒന്നിന് വനിതാ മതിലിലൂടെ വലിയൊരു ചരിത്രം തന്നെയാണ് സൃഷ്ടിച്ചത്. അതു പോലെ ഏപ്രിൽ 23-ന് കേരളത്തിലെ 20-ൽ 20 സീറ്റും നേടി മറ്റൊരു ചരിത്രം സൃഷ്ടിക്കണമെന്നും അവർ സ്ത്രീകളോടായി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും കോൺഗ്രസോ ബി.ജെ.പിയോ അല്ല. സി.ദിവാകരൻ തന്നെ പാർലമെന്റിൽ എത്തുമെന്നും പറഞ്ഞു കൊണ്ട് വൃന്ദാ കാരാട്ട് അവസാനിപ്പിച്ചു. സി.ദിവാകരന്റെ തെരഞ്ഞെടുപ്പ് കൺവൻഷന്റെ ഭാഗമായി കഴക്കൂട്ടത്ത് സംഘടിപ്പിച്ച മഹിളാ സംഗമത്തിൽ ആയിരക്കണക്കിന് സ്ത്രീകളും ഒപ്പം പുരുഷൻമാരുമാണ് പങ്കെടുത്തത്. കേരളാ മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ലതാ ദേവി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സഹകരണം, ടൂറിസം, ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.പി.ഉണ്ണികൃഷ്ണൻ, മേയർ അഡ്വ: വി.കെ പ്രശാന്ത്, ജില്ലാ കമ്മിറ്റി അംഗം വി.എസ് പത്മകുമാർ, സി.പി.ഐ മണ്ഡലം പ്രസിഡന്റ് ചന്തവിള മധു, എ ഐ ടി യു സി വൈസ് പ്രസിഡൻറ് വിജയമ്മ, തിരു: നഗരസഭ ചെയർപേഴ്സൺ സിന്ധു, കാട്ടായിക്കോണം വാർഡ് കൗൺസിലർ സിന്ധു ശശി, എൻ.സി.പി നേതാവ് പത്മിനി ടീച്ചർ എന്നിവർ സംസാരിച്ചു.

ഇന്ത്യൻ ഭരണഘടന സ്ത്രീകൾക്ക് തുല്യത അനുവദിക്കുന്ന നിലപാടുകൾ, ബി.ജെ.പി അംഗീകരിക്കുന്നില്ല. വൃന്ദാ കാരാട്ട്

0 Comments

Leave a comment