/uploads/news/news_ഇന്ദുജയുടെ_മരണത്തില്‍_ദുരൂഹത,_മൃതദേഹത്തി..._1733570026_4477.jpg
Local

ഇന്ദുജയുടെ മരണത്തില്‍ ദുരൂഹത, മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകൾ


തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ. നെടുമങ്ങാട് തഹസിൽദാറുടെ നേതൃത്വത്തിൽ  നടത്തിയ ഇൻക്വസ്റ്റ് നടപടിയിൽ ആണ്  മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകൾ കാണപ്പെട്ടത്. നെടുമങ്ങാട് പാലോട് - ഇടിഞ്ഞാർ കോളച്ചൽ കൊന്നമൂട് കാണി സെറ്റിൽമെൻ്റ് കിഴക്കുംകര വീട്ടിൽ ശശിധരൻ കാണിയുടെ മകളാണ് ഇന്ദുജ (25).

ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകളെ കൊന്ന് കെട്ടിത്തൂക്കിയത് എന്നാണ് ഇന്ദുജയുടെ അച്ഛൻ ശശിധരൻ ആരോപിച്ചത്. ആദിവാസി സമൂഹത്തിൽ നിന്നുള്ള ഇന്ദുജയും അഭിജിത്തും രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. 

നാല് മാസം മുമ്പ് ഇന്ദുജയെ അഭിജിത്ത് വിളിച്ചിറക്കി കൊണ്ടുപോയി. സമീപത്തെ അമ്പലത്തിൽ നിന്ന് താലി കെട്ടിയശേഷം ഒന്നിച്ച് താമസിക്കുക ആയിരുന്നു. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. സ്വന്തം വീട്ടുകാരുമായി ഇതിന് ശേഷം ഇന്ദുജക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ഇന്നലെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് ഒന്നരയോടെ അഭിജിത്തിന്റെ വീട്ടിന്റെ രണ്ടാമത്തെ നിലയിലെ ജനലിൽ ഇന്ദുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് ഭർത്താവ് അഭിജിത്തിന്റെ മൊഴി.

പൊലീസ് കസ്റ്റഡിയിലുള്ള ഭർത്താവ് അഭിജിത്തിനെതിരെ കൊലപാതകക്കുറ്റം ചുമത്തണം എന്ന് ഇന്ദുജയുടെ കുടുംബം ആവശ്യപ്പെട്ടു. യുവതിക്കു ഭർതൃവീട്ടിൽനിന്ന് ഭീഷണിയും മാനസിക പീഡനവും ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം പരാതിയിൽ ആരോപിക്കുന്നു. വിവാഹശേഷം ഇന്ദുജയെ ഭർതൃവീട്ടിൽ ചെന്ന് കാണാൻ തങ്ങളെ അനുവദിച്ചിരുന്നില്ല. ഇന്ദുജ തന്നെ ഇത് പല ദിവസങ്ങളിൽ ഫോൺ വിളിച്ച് അറിയിച്ചിട്ടുണ്ട്. മരണത്തിനു പിന്നിൽ അഭിജിത്തിനും മാതാവിനും പങ്കുള്ളതായി സംശയിക്കുന്നു എന്നും ഇന്ദുജയുടെ പിതാവ് ശശിധരൻ കാണി പാലോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

നെടുമങ്ങാട് തഹസിൽദാറുടെ നേതൃത്വത്തിൽ  നടത്തിയ ഇൻക്വസ്റ്റ് നടപടിയിൽ ആണ്  മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകൾ കാണപ്പെട്ടത്.

0 Comments

Leave a comment