/uploads/news/424-IMG-20190413-WA0054.jpg
Local

ഒന്നര പതിറ്റാണ്ടിനു ശേഷം പൊന്ന് വിളഞ്ഞ ആമ്പല്ലൂരിലെ തരിശ് പാടങ്ങൾ


കഴക്കൂട്ടം: ആമ്പല്ലൂർ പാടശേഖരത്തിൽ വർഷങ്ങളായി തരിശായി കിടന്ന പാടങ്ങളിൽ കഴക്കൂട്ടം കൃഷി ഭവന്റെയും കാർഷിക വികസന സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ ഹൈടെക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നെല്ല് കൊയ്തു. വിളവെടുപ്പ് ആഘോഷമായി നടത്താനായിരുന്നു തീരുമാനമെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ യാതൊരു ഔദ്യോഗിക ചടങ്ങുമില്ലാതെയാണ് വിളവെടുപ്പ് നടന്നത്. ഒന്നര പതിറ്റാണ്ടിനു ശേഷമാണ് കഴക്കൂട്ടം പ്രദേശത്ത് നെൽ കൃഷിക്ക് വീണ്ടും വിത്തു പാകിയത്. വിളഞ്ഞു പാകമായ നെൽപ്പാടം കൊയ്ത്തുമെഷീന്റെ സഹായത്താൽ കൊയ്തെടുത്തപ്പോൾ അതിശയിപ്പിക്കുന്ന വിളവാണ് ലഭിച്ചത്.10 ഏക്കറിൽ നിന്നും ഏതാണ്ട് 20 ടൺ നെല്ല്. വർഷങ്ങളായി ഉപേക്ഷിച്ചിട്ടിരുന്ന പാടത്തു നിന്നും ഇത്രയും വിളവ് ലഭിച്ചതിൽ കർഷകരും കൃഷി സ്നേഹികളായ നാട്ടുകാരും വളരെയേറെ സന്തോഷത്തിലും, അതിലുപരി തങ്ങളുടെ പ്രയത്നം ഫലം കണ്ടതിൽ സംതൃപ്തരുമാണ്. ഒന്നര പതിറ്റാണ്ടിലേറെ തരിശായി കിടന്ന ആമ്പല്ലൂരിലെ തരിശു പാടങ്ങളിൽ 10 ഏക്കർ കഴക്കൂട്ടം കൃഷി ഭവന്റെ നേത്യത്വത്തിൽ കഴിഞ്ഞ ഡിസംബറിൽ പുനരാരംഭിക്കുകയും പാടശേഖര സമിതിയുടെ പരിലാളനത്തിൽ നെൽചെടികൾ ആരോഗ്യത്തോടെ വളരുകയും ചെയ്ത ആമ്പല്ലൂർ തരിശു പാടത്തെ നെൽ കൃഷി കണ്ട് ആസ്വദിക്കുവാൻ പല സ്ഥലങ്ങളിൽ നിന്നും കുട്ടികൾ ഉൾപ്പെടെ സന്ദർശകരായെത്തിയിരുന്നു. തരിശ് ഉൾപ്പെടെ 25 ഏക്കറാണ് ഇപ്പോൾ ആമ്പല്ലൂരിലെ നെൽ കൃഷിയുടെ വിസ്തൃതി. തരിശായി കിടക്കുന്ന കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിന് കഴക്കൂട്ടം കൃഷി ഓഫീസർ റീജാ.എസ്. ധരന്റെയും കൃഷി അസിസ്റ്റന്റ് എം.എൻ പ്രകാശന്റെയും നേതൃത്വത്തിൽ കൃഷിയെ പോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ ദൃതഗതിയിൽ തുടർന്നു കൊണ്ടേയിരിക്കുന്നു.

ഒന്നര പതിറ്റാണ്ടിനു ശേഷം പൊന്ന് വിളഞ്ഞ ആമ്പല്ലൂരിലെ തരിശ് പാടങ്ങൾ

0 Comments

Leave a comment