കഴക്കൂട്ടം: വർഷങ്ങളായി ഒറ്റമുറി കടയിൽ ജീവിതം കഴിച്ചു കൂട്ടുന്ന രോഗിയായ വീട്ടമ്മയ്ക്കും മക്കൾക്കും വീട് നിർമ്മിച്ച് നൽകാനൊരുങ്ങി സാംസ്കാരിക സമിതി കൂട്ടായ്മ. ശ്രീകാര്യം ഗാന്ധിപുരം പ്രിയദർശിനി സാംസ്കാരിക സമിതിയാണ് ചെമ്പഴന്തി അണിയൂർ ആശാരി വിളാകം കൃഷ്ണാലയത്തിൽ ഷീല(45)യ്ക്ക് കിടപ്പാടമൊരുക്കാൻ തയാറായി രംഗത്ത് വന്നത്. ഇരുപതും പതിനെട്ടും വയസു പ്രായമുള്ള പെൺമക്കളും വൃദ്ധയായ മാതാവുമൊപ്പം ശ്രീകാര്യത്തെ കടമുറിയിലാണ് ഷീല വാടകയ്ക്ക് താമസിക്കുന്നത്. നാളുകൾക്കു മുമ്പ് ഷീലയുടെ ഭർത്താവ് കിണറ്റിൽ വീണ് മരണമടഞ്ഞിരുന്നു. പിന്നീട് ഷീലയ്ക്കു നട്ടെല്ലിന് ഗുരുതര രോഗം പിടിപെടുകയും ജീവിതം നരകതുല്യമാവുകയുമായിരുന്നു. തൻ്റെ കുടുസു മുറിയിലിരുന്നു തന്നെ തയ്യൽ ജോലി ചെയ്താണ് ഡിഗ്രിയ്ക്കും പ്ലസ്ടുവിനും പഠിക്കുന്ന 2 പെൺമക്കളെയും വൃദ്ധമാതാവിനെയും പോറ്റിയിരുന്നത്. വർഷങ്ങൾക്ക് മുമ്പ് അന്നത്തെ കൗൺസിലർ ആയിരുന്ന ആലംകോട് സുരേന്ദ്രൻ്റെ ഇടപെടലിൻ്റെ ഫലമായി നഗരസഭയിൽ നിന്നും ചെമ്പഴന്തിക്കടുത്ത് സ്ഥലവും വീടും അനുവദിച്ചു. എന്നാൽ വീടിൻ്റെ പണി തുടങ്ങിയെങ്കിലും വീട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ പൂർത്തിയാവാതെ പാതി വഴിയിലായ വീട് കാടും പടപ്പും കയറി ഉപയോഗ ശൂന്യമായ അവസ്ഥയിലായി മാറുകയായിരുന്നു. ഈയവസരത്തിലാണ് ഷട്ടറിട്ട കടമുറിക്കുള്ളിലെ ഷീലയുടെ നരക ജീവിതം അറിഞ്ഞ സാംസ്കാരിക സമിതി പ്രതീക്ഷയുടെ നാമ്പൊരുക്കി അവർക്കു വീടൊരുക്കാൻ മുന്നോട്ട് വന്നത്. ഓണത്തിന് മുമ്പ് വീടിന്റെ പണി പൂർത്തിയാക്കി ഷീലയ്ക്ക് താക്കോൽ നൽകുമെന്ന് പ്രീയദർശിനി സാസ്കാരിക സമിതി പ്രസിഡന്റ് അണിയൂർ പ്രസന്ന കുമാർ പറഞ്ഞു.
ഒറ്റമുറി കടയിൽ കഴിഞ്ഞ രോഗിയായ വീട്ടമ്മയ്ക്കും മക്കൾക്കും വീടൊരുക്കാൻ പ്രിയദർശിനി സാംസ്കാരിക സമിതി കൂട്ടായ്മ





0 Comments