/uploads/news/747-IMG-20190720-WA0069.jpg
Local

കടൽക്ഷോഭത്തിൽപ്പെട്ട് സെന്റ് ആൻഡ്രൂസ് തീരത്തടിഞ്ഞിരുന്ന കൂറ്റൻ മത്സ്യ ബന്ധന ബോട്ട് തുമ്പയിലെത്തി


കഴക്കൂട്ടം: ശക്തമായ കടൽ ക്ഷോഭത്തിൽപ്പെട്ട് സെന്റ് ആൻഡ്രൂസ് തീരത്തുണ്ടായിരുന്ന കൂറ്റൻ മത്സ്യ ബന്ധന ബോട്ട് കടലെടുത്തു. കഴിഞ്ഞ ദിവസം രാവിലെയാണ് കടൽ തിരമാലകളോടൊപ്പം ഒഴുകിയ ബോട്ട് 25 കി.മീറ്റർ ഒഴുകി നടന്ന ശേഷം തുമ്പ തീരത്തിന് സമീപം അടിഞ്ഞു കയറിയത്. ഒരു വർഷം മുൻപ് ഉണ്ടായ ഓഖി ചുഴലിക്കാറ്റിൽ പെട്ട് ദിശ തെറ്റി സഞ്ചരിച്ച ബോട്ട് സെന്റ് ആൻഡ്രൂസ് പള്ളിക്കു സമീപമുള്ള കടൽത്തീരത്ത് വന്ന് ഇടിച്ചു കയറിയതാണ്. കൊച്ചി സ്വദേശികളായ ബെനഡിക്ടും, ജോഷിയുമാണ് ബോട്ടുടമകൾ. ഇരുവരും ചേർന്ന് 80 ലക്ഷം രൂപ മുടക്കി വാങ്ങിയതാണ്. കൊല്ലത്തു നിന്നും കുളച്ചൽ ഭാഗത്തു വന്നു മത്സ്യ ബന്ധനം നടത്തിയ ശേഷം നവംബർ 29 നുണ്ടായ ഓഖി ചുഴലിക്കാറ്റിൽ പെടുകയും നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കടലിൽ മറിയുമെന്ന അവസ്ഥ വന്നപ്പോൾ മത്സ്യ മടക്കം ഉപേക്ഷിച്ച് മറ്റു ചെറു ബോട്ടുകളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു. ഉൾക്കടലിൽ നങ്കൂരമിടാൻ തൊഴിലാളികൾ കിണഞ്ഞു ശ്രമിച്ചെങ്കിലും കാറ്റിൽ ആടിയുലഞ്ഞ ബോട്ടിന്റെ പ്രൊപ്പല്ലറിൽ ഇരുമ്പുവടം കുരുങ്ങുകയും ബോട്ട് രക്ഷിക്കാൻ കഴിയാത്ത സ്ഥിതിയിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ശ്രമം ഉപേക്ഷിച്ച് ബോട്ടിലുണ്ടായിരുന്ന 12 മത്സ്യബന്ധന തൊഴിലാളികളും രക്ഷപെടുകയായിരുന്നു. പിന്നീട് കടലിലൂടെ ഒഴുകി നീങ്ങിയ ബോട്ട് സെൻറ് ആൻഡ്രൂസ് പള്ളിക്കു സമീപമുള്ള കടപ്പുറത്ത് വന്ന് കരയിൽ ഇടിച്ചു കയറുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യബന്ധന തൊഴിലാളികൾ അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അന്ന് തീരത്ത് അടിഞ്ഞു കയറിയ ബോട്ട് സെന്റാൻഡ്രൂന്നിലെ മത്സ്യ തൊഴിലാളികൾ വടം ഉപയോഗിച്ച് കെട്ടിയിട്ടതിന് ശേഷം പോലീസിനെ അറിയിച്ചു. ഇതിനിടെ വിവരമറിഞ്ഞ് ബോട്ടുടമയും സ്ഥലത്തെത്തിയിരുന്നു. കടൽക്കരയിൽലെ മണ്ണിൽ പുതഞ്ഞ ബോട്ട് കടലിലിറക്കാൻ ആഴ്ചകളോളം ബോട്ടുടമ പണം ചിലവഴിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് അധികാരികളുടെ സഹായം തേടിയെങ്കിലും, നടക്കാതെ വന്നതോടെ ബോട്ടുടമ ബോട്ടും ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ കടലാക്രമണത്തിലാണ് ക്രൈസ്റ്റ് ഇപ്പോൾ കടലിൽപ്പെട്ടിരിക്കുന്നത്. ഒരു വർഷത്തോളമാണ് ബെനഡിക്റ്റ് ബോട്ട് കടലിലിറക്കാനായി മന്ത്രി അടക്കം സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയത്. ബോട്ട് ഇപ്പോൾ തുരുമ്പെടുത്തും ഭാഗികമായി തകർന്ന സ്ഥിതിയിലുമാണ്. 4 വർഷം മുൻപ് കുളച്ചൽ സ്വദേശി ജ്ഞാന സെൽവത്തിന്റെ ആരിഫാ മോൾ എന്ന ആഴക്കടൽ മത്സ്യബന്ധന ബോട്ടും സെന്റാൻഡ്രൂസ് തീരത്ത് അടിഞ്ഞു കയറിയിരുന്നു. ആഴ്ചകളോളം സെന്റാൻഡ്രൂസ് നിവാസികളുടെ ഉറക്കം കെടുത്തിയത് മാത്രമല്ല ജില്ലാ ഭരണകൂടം മുന്നിട്ട് നിന്ന് കോഴിക്കോട് നിന്നും മാപ്പിള ഖലാസിമാരേയും തുടർന്ന് കൊല്ലത്ത് നിന്നും കൂറ്റൻ ടഗ്ഗും എത്തിച്ചെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണ് ഉണ്ടായത്. ഒടുവിൽ ഈ ബോട്ട് കടലിൽ താണ് പോവുകയായിരുന്നു.

കടൽക്ഷോഭത്തിൽപ്പെട്ട് സെന്റ് ആൻഡ്രൂസ് തീരത്തടിഞ്ഞിരുന്ന കൂറ്റൻ മത്സ്യ ബന്ധന ബോട്ട് തുമ്പയിലെത്തി

0 Comments

Leave a comment