കഴക്കൂട്ടം: കഠിനംകുളം കായലിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പള്ളിപ്പുറം മുഴുത്തിരിയാവട്ടം വിജയ ഭവനിൽ വിജയൻ ചെട്ടിയാരുടെയും ഗീതയുടെയും മകൻ രഞ്ജിത്ത് (32) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രദേശത്തെ മത്സ്യതൊഴിലാളികളും, കഴക്കൂട്ടം ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്‌സും പ്രത്യേക സ്കൂബ സംഘവും നടത്തിയ തെരച്ചിലിനൊടുവിലാണ് അപകടം നടന്നിടത്തുനിന്ന് 200 മീറ്റർ മാറി മൃതദേഹം ലഭിച്ചത്. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ശനിയാഴ്ച രാത്രി 7.30 ഓടെയാണ് രഞ്ജിത്തിനെ കായലിൽ കാണാതായത്.
ശനിയാഴ്ച രാത്രി സുഹൃത്തുക്കളായ ഷിജു,നന്ദു എന്നിവരോടൊപ്പം മുരുക്കുംപുഴ കടവിനു സമീപമിരുന്ന് രഞ്ജിത്ത് മദ്യപിച്ചിരുന്നു. മദ്യവും ഭക്ഷണവും തീർന്നപ്പോൾ വാങ്ങാനായി കടവിൽ കെട്ടിയിരുന്ന ചെറു വള്ളം എടുത്ത് മൂവരും കഠിനംകുളത്ത് എത്തി മദ്യവും ഭക്ഷണവും വാങ്ങിയ ശേഷം കഠിനംകുളം കടവിൽ നിന്നും തിരികെ വള്ളത്തിൽ പോകുമ്പോൾ കടവിൽ നിന്നും 100 മീറ്റർ ദൂരെ വച്ച് വള്ളം മറിയുകയായിരുന്നു എന്നാണ് കഠിനംകുളം പൊലീസ് നൽകിയ വിവരം. ഷിജുവും നന്ദുവും നീന്തി രക്ഷപ്പെട്ടു. ഷിജുവാണ് വിവരം കഠിനംകുളം പൊലീസിൽ അറിയിച്ചത്. രാത്രി തന്നെ പൊലീസും അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി എങ്കിലും രഞ്ജിത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. കഴക്കൂട്ടത്ത് സ്വകാര്യ കേബിൾ ടിവി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത്ത്.
നീതു ആണ് രഞ്ജിത്തിന്റെ ഭാര്യ.
പള്ളിപ്പുറം മുഴുത്തിരിയാവട്ടം വിജയ ഭവനിൽ വിജയൻ ചെട്ടിയാരുടെയും ഗീതയുടെയും മകൻ രഞ്ജിത്ത് (32) ആണ് മരിച്ചത്. കഴക്കൂട്ടത്ത് സ്വകാര്യ കേബിൾ ടിവി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത്ത്.





0 Comments