കഴക്കൂട്ടം: കഠിനംകുളം പഞ്ചായത്തിലെ കരിഞ്ഞവയൽ തോട് വീണ്ടെടുക്കാൻ പഞ്ചായത്ത് ഭരണ സമിതിയുടെ മേൽനോട്ടത്തിൽ പണി തുടങ്ങി. തിരുവനന്തപുരം കോർപറേഷൻ അതിർത്തിയായ വിളയിൽകുളം മുതൽ ചാന്നാങ്കര വരെ പാർവ്വതി പുത്തനാറിന് സമാന്തരമായി എട്ട് കിലോമീറ്റർ ദൂരത്തിലാണ് തോട് നിലവിലുണ്ടായിരുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നെൽകൃഷി നശിച്ചതോടു കൂടി പാടശേഖരം പൂർണ്ണമായും നികത്തിയ അവസ്ഥയിലായി. അതോടുകൂടി ഉണ്ടായിരുന്ന തോടും ഇല്ലാതാവുകയായിരുന്നു. തോട് നികത്തി ഫ്ലാറ്റുകളും കെട്ടിടങ്ങളും ഉയർന്നു. ഇത് മഴക്കാലമാകുമ്പോൾ പ്രദേശമാകെ വെള്ളക്കെട്ടാകുന്ന സ്ഥിതിയിലെത്തിച്ചു. ഇക്കഴിഞ്ഞ പ്രളയത്തിൽ നൂറു കണക്കിന് ജനങ്ങൾക്കാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിക്കേണ്ട സ്ഥിതി വിശേഷവുമുണ്ടായത്. അതോടെ തോട് പുനർനിർമ്മിക്കാൻ പഞ്ചായത്ത് ഭരണ സമിതി മുന്നിട്ടിറങ്ങുകയായിരുന്നു. നൂറ്റി അൻപത് തൊഴിലുറപ്പ് തൊഴിലാളികളാണ് തോടിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ഫ്ലാറ്റുകൾ നിലനിൽക്കുന്ന സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഫ്ലാറ്റ് അധികൃതരുടെ മേൽനോട്ടത്തിൽ ഇതോടൊപ്പം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തികൾ പത്ത് ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സ് പറഞ്ഞു. മേനംകുളത്ത് ബോണിഫെയ്സിന്റെ പുരയിടത്തോട് ചേർന്നുള്ള ഭാഗത്തു നിന്നും ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സ്, ബ്ലോക്ക് പഞ്ചായത്തംഗം ആശാമോൾ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റാഫേൽ ആൽബി, റൊളുദോൻ, പഞ്ചായത്തംഗങ്ങളായ പ്രമീള, ജോസ് നിക്കോളാസ്, അബ്ദുൾവാഹിദ്, സുനിജ, സി.പി.ഐ.എം മേനംകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിപ്രസാദ്, സിൻഡിക്കേറ്റംഗം ലെനിൻ ലാൽ, വില്ലേജ് ഓഫീസർ ജയശങ്കർ, തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയർ രാമചന്ദ്രൻ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കഠിനംകുളം പഞ്ചായത്തിലെ കരിഞ്ഞവയൽ തോട് വീണ്ടെടുക്കാൻ നടപടി തുടങ്ങി





0 Comments