കഴക്കൂട്ടം: കാര്യവട്ടം ഗവൺമെൻറ് കോളേജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം. നവംബർ 13ന് നടക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് മുൻപായി മോഡൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം നടന്നത്. നവംബർ 13ന് നടക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് ഇതുവരെയും വിഷയങ്ങൾ പഠിപ്പിച്ചു പൂർത്തിയാക്കുന്നതിനു മുമ്പേ മോഡൽ പരീക്ഷ നടത്താനുള്ള തീരുമാനം എടുത്തതിനെതിരെയാണ് പ്രതിഷേധം. മോഡൽ പരീക്ഷ നടത്തുന്ന ദിവസങ്ങളിൽ ബാക്കി കൂടി പഠിപ്പിച്ച് തീർക്കാൻ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പാൾ തയ്യാറായില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. പ്രിൻസിപ്പലിന്റെ ആഫീസിൽ കയറി വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. എന്നാൽ ചില വിഷയങ്ങളിലെ കുറച്ച് ഭാഗം മാത്രമാണ് പഠിപ്പിച്ച് തീർക്കാൻ ബാക്കിയുളളത്. അത് നവംബർ 5ന് മുമ്പ് പഠിപ്പിച്ച് തീർക്കുമെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകിയിരുന്നു. നിരന്തരം കോളേജിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഏതാനും ചില വിദ്യാർത്ഥികളെ കൂട്ടു പിടിച്ചാണ് വിദ്യാർത്ഥികൾ ബഹളം ഉണ്ടാക്കിയത്. മോഡൽ പരീക്ഷ നടക്കുന്ന ക്ലാസിൽ കയറി അധ്യാപകരിൽ നിന്ന് ബലമായി ചോദ്യ കടലാസ് പിടിച്ച് വാങ്ങിച്ചു. ഇത് ചോദ്യം ചെയ്ത അദ്ധ്യാപകരെ വിദ്യാർത്ഥികൾ അസഭ്യം പറയുകയുണ്ടായി എന്നും പ്രിൻസിപ്പാൾ അജിത കുമാരി പറഞ്ഞു. ബി.എസ്.സി ഒന്നാം വർഷ സെമസ്റ്റർ പരീക്ഷയാണ് നവംബർ 13 ന് നടക്കുന്നത്. സമരം തുടങ്ങിയപ്പോൾ തന്നെ പ്രിൻസിപ്പാൾ അടിയന്തര പി.ടി.എ വിളിച്ചു കോളേജിന് അവധി പ്രഖ്യാപിച്ചു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. 11 മണിയ്ക്ക് നടന്ന പ്രതിഷേധം വൈകിട്ട് 3.30 ഓടെയാണ് അവസാനിപ്പിച്ചത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഏഴ് വിദ്യാർത്ഥികളെ 12 അദ്ധ്യായന ദിവസത്തേക്ക് സസ്പന്റ് ചെയ്തതായി പ്രിൻസിപ്പൾ അജിത കുമാരി അറിയിച്ചു.
കാര്യവട്ടം കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ഏഴ് വിദ്യാർത്ഥികളെ സസ്പെൻറ് ചെയ്തു





0 Comments