തിരുവനന്തപുരം: ആർദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ എസ്.എച്ച്.എസ്.ആർ.സി.യിൽ ഉന്നതതല യോഗം ചേർന്നു. ദേശീയ തലത്തിലേയും സംസ്ഥാന തലത്തിലേയും എല്ലാ ആരോഗ്യ പരിപാടികളുടേയും ഘടകങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഇതോടൊപ്പം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള ആരോഗ്യ സൂചികകൾക്ക് (ഇന്റിക്കേറ്റേഴ്സ്) അന്തിമ രൂപം നൽകുകയും ചെയ്തു. ഇതുവഴി എല്ലാ ആരോഗ്യ പരിപാടികളും കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി ശക്തമായി നടപ്പിലാക്കാനും ജനങ്ങളിൽ ഫലപ്രദമായി എത്തിക്കാനും സാധിക്കും. തുടർച്ചയായ നിരീക്ഷണത്തിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തി മികച്ച സേവനം നൽകണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദേശിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ.ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ.സരിത, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.എ.റംലാബീവി, ജോ.ഡയറക്ടർ ഡോ. ശ്രീകുമാരി, ആർദ്രം മിഷൻ സ്റ്റേറ്റ് കൺസൾട്ടന്റ് ഡോ.പി.കെ.ജമീല, എസ്.എച്ച്.എസ്.ആർ.സി. എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എസ്.ഷിനു, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും രണ്ടാം ഘട്ടത്തിൽ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയുമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ തെരഞ്ഞെടുത്തത്. പി.എച്ച്.സി.കളുടെ പ്രവർത്തന സമയവും സേവന ഘടകങ്ങളും വർധിപ്പിച്ചു കൊണ്ടാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. ഒ.പി. സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെയാക്കി. 3 ഡോക്ടർമാരുടേയും 4 സ്റ്റാഫ് നഴ്സുമാരുടേയും സേവനം ഉറപ്പാക്കി. എല്ലായിടത്തും ആധുനിക ലബോറട്ടികൾ സ്ഥാപിച്ചു. പ്രീ ചെക്ക് കൗൺസിലിംഗ്, എൻസിഡി ക്ലിനിക്കുകൾ, തുടങ്ങിയവയും വ്യായാമത്തിനുള്ള സൗകര്യങ്ങൾ (യോഗ, വെൽനസ് സെന്റർ) എന്നിവയും ഏർപ്പെടുത്തി. രോഗങ്ങൾ പ്രാഥമിക ദിശയിൽ തന്നെ മനസിലാക്കി ആവശ്യമായ കൗൺസിലിംഗും ചികിത്സയും നിർദേശിക്കുക, ആവശ്യമെങ്കിൽ മാത്രം കൂടുതൽ സങ്കീർണമായ പരിശോധനയും ചികിത്സയും നിർദേശിക്കുക, രോഗ പ്രതിരോധ ശേഷി ആർജിക്കാനുള്ള ജീവിത ശൈലി സ്വായത്തമാക്കാൻ പ്രേരിപ്പിക്കുക എന്നിവയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. ഇത് കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനാണ് ഉന്നതതല യോഗം കൂടിയത്.
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉന്നതതലയോഗം





0 Comments