തിരുവനന്തപുരം: ഇക്കഴിഞ്ഞ എട്ടാം തീയതി തിരുവനന്തപുരത്ത് നിന്നും മൂകാംബിക സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി ഗോവയിൽ പോയി എന്നതരത്തിൽ വന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. വാർത്തയിൽ വന്നത് പോലെ നിലവിൽ കെഎസ്ആർടിസി - സ്വിഫ്റ്റിന്റെ എയർ ഡീലക്സ് ബസുകൾ എറണാകുളത്ത് നിന്നും, കൊട്ടാരക്കരയിൽ നിന്നുമാണ് കൊല്ലൂരിലേക്ക് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലേക്ക് കെഎസ്ആർടിസി - സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നില്ല.
വാർത്തകൾ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ സിഎംഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ മേയ് 8 ന് കൊട്ടാരക്കരയിൽ നിന്നുള്ള സർവ്വീസിലേയും, എറണാകുളത്ത് നിന്നുള്ള സർവ്വീസിലേയും യാത്രക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് റൂട്ട് മാറി സർവ്വീസ് നടത്തിയില്ലെന്നും, യാത്ര സുഖകരമായിരുന്നുവെന്നുമാണ് അറിയിച്ചത്.
കൂടാതെ ആ സർവ്വീസുകളിൽ ട്രെയിനിംഗ് നൽകുന്നതിന് ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർമാർ നൽകിയ റിപ്പോർട്ടും ബസ് വഴി മാറി സഞ്ചരിച്ചില്ലെന്നാണ്. ബസുകളുടെ 7,8,9,10 തീയതികളിലെ ലോഗ് ഷീറ്റ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകൾ സർവ്വീസ് നടത്തിയിട്ടുള്ളൂവെന്നും കണ്ടെത്തി.
കൂടാതെ ബസ് ദിശമാറി സഞ്ചരിച്ചുവെന്ന യാത്രക്കാരുടെ പരാതിയും വിജിലൻസ് വിഭാഗത്തിന് ലഭിച്ചില്ല. തുടർന്നാണ് ലഭ്യമായ രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പത്ര നവമാധ്യമങ്ങളിൽ വന്നത് പോലെ കെഎസ്ആർടിസി - സ്വിഫ്റ്റ് ബസ് ദിശമാറി ഗോവയിലേക്ക് സർവ്വീസ് നടത്തിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയത്.
കെഎസ്ആർടിസി, കെഎസ്ആർടിസി - സ്വിഫ്റ്റ് ബസുകൾ അന്തർ സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലാണ് കർണ്ണാടകയിലേക്ക് സർവ്വീസ് നടത്തുന്നത്. അത്തരം ഒരു കരാറിൽ ഗോവയുമായി കെഎസ്ആർടിസി ഏർപ്പെട്ടിട്ടുമില്ല.
ഗോവയിലേക്ക് സർവ്വീസ് നടത്തണമെങ്കിൽ പ്രത്യേക പെർമിറ്റ് എടുക്കണം. അഥവാ വഴിതെറ്റി ഗോവയിലേക്ക് പോയാൽ പോലും പെർമിറ്റ് ഇല്ലാതെ ഗോവയിലേക്ക് കടത്തി വിടില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ കെഎസ്ആർടിസി - സ്വിഫ്റ്റിനെതിരെ വരുന്ന വാർത്തയുടെ ഭാഗമായി ഇതിനെ കണ്ടാൽ മതിയെന്നും മാനേജ്മെന്റ് അറിയിച്ചു.
ഗോവയിലേക്ക് സർവ്വീസ് നടത്തണമെങ്കിൽ പ്രത്യേക പെർമിറ്റ് എടുക്കണം. അഥവാ വഴിതെറ്റി ഗോവയിലേക്ക് പോയാൽ പോലും പെർമിറ്റ് ഇല്ലാതെ ഗോവയിലേക്ക് കടത്തി വിടില്ല.





0 Comments