https://kazhakuttom.net/images/news/news.jpg
Local

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന കാർട്ടൂണിസ്റ്റ് ഹക്കുവിന്റെ രാഷ്ട്രീയ കാർട്ടൂൺ പ്രദർശനം പൊളിട്രിക്സ് തുടങ്ങി


കഴക്കൂട്ടം: കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന കാർട്ടൂണിസ്റ്റ് ഹക്കുവിന്റെ രാഷ്ട്രീയ കാർട്ടൂൺ പ്രദർശനം പൊളിട്രിക്സ് പ്രശസ്ത കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണൻ ഉത്ഘാടനം ചെയ്തു. കാച്ചിക്കുരുക്കിയ വിമർശനം, നർമ്മത്തിന്റെ മേമ്പൊടിയോടെ, നേരെ ചൊവ്വേയുള്ള ആശയങ്ങൾ ലളിതമായ വരകളിലൂടെ അഴിമതിക്കും, അനീതിക്കുമെതിരെ മുഖം നോക്കാതെ വരച്ച തിരഞ്ഞെടുത്ത 50 കാർട്ടൂണുകളുടെ പ്രദർശനമാണ് 22 മുതൽ 28 വരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെയാണ് പ്രദർശനം. ഹക്കു എന്ന തൂലികാ നാമത്തിൽ കാർട്ടൂൺ രചനാ രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വമാണ് കെ.ബി. ഹരികുമാർ. ആലപ്പുഴ ജില്ലയിലെ പരവൂരിൽ ജനിച്ച് എറണാകുളം കെ.പി.ബി അഡ്വർടൈസിംഗ് കമ്പനിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇന്ന് ഭാര്യയും രണ്ടു പെൺമക്കളടങ്ങുന്ന കുടുംബത്തോടൊപ്പം കഴക്കൂട്ടത്ത് സ്ഥിര താമസമാണ് ഹക്കു. ഔപചാരിക പഠനം നേടാതെ തന്നെ കാർട്ടൂൺ രചനയിൽ തന്റേതായ ഇടം നേടി. വീക്ഷണം ദിനപത്രത്തിൽ 10 വർഷം കാർട്ടൂണിസ്റ്റായി ജോലി നോക്കിയിട്ടുണ്ട്. അന്താരാഷ്ട്ര കാർട്ടൂൺ അനിമേഷൻ സ്റ്റുഡിയോ ആയ ടൂൺസ് ഇന്ത്യ അനിമേഷൻസിൽ അസിസ്റ്റൻറ് അനിമേറ്റർ ആയി പത്തുവർഷം സേവനമനുഷ്ടിച്ചു. ഇതിനിടയിൽ പുകവലി, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം, റോഡുസുരക്ഷ, സ്ത്രീകൾക്കു നേരെയുള്ള അക്രമം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി 40 - ഓളം ഏകാംഗ കാർട്ടൂൺ പ്രദർശനങ്ങൾ വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു. കൂടാതെ ലോക അഴിമതി വിരുദ്ധ ദിനമായി ആചരിക്കുന്ന ഡിസംബർ 9-ന് 2016-ൽ സെക്രട്ടറിയേറ്റിനു മുൻപിലും 2018ൽ കഴക്കൂട്ടം വില്ലേജ് ഓഫീസിനു മുൻപിലും ആം ആദ്മി പാർട്ടിയുടെ ആഭിമുഖ്യത്തിൽ നൂറോളം അഴിമതി വിരുദ്ധ കാർട്ടൂണുകളുടെ പ്രദർശനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷനായ ചടങ്ങിൽ ലളിതകലാ അക്കാഡമി നിർവ്വാഹക സമിതി അംഗം കാരയ്ക്കാ മണ്ഡപം വിജയകുമാർ, വൈസ് ചെയർമാൻ വിനോദ് വൈശാഖി, കേരള കാർട്ടൂൺ അക്കാഡമി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ബിന്നി സാഹിതി (സാഹിതി പബ്ളിക്കേഷൻ), കാർട്ടൂണിസ്റ്റുകളായ മധു ഓമല്ലൂർ, ജി.ഹരി, ടി.കെ.സുജിത്, പ്രതാപൻ പുളിമാത്ത്, ടി.എസ്.ഇന്ദ്രൻ, ദിലീപ് തിരുവട്ടാർ, കൃഷ്ണകുമാർ വട്ടപ്പറമ്പിൽ, സതീഷ്.എ,  വാമനപുരം മണി, രഞ്ജിത്ത് ഹക്കുവിന്റെ വിദ്യാർത്ഥിനി സേറ മറിയം ബിന്നി എന്നിവർ ആശംസകൾ അർപ്പിച്ചു. കാർട്ടൂണിസ്റ്റ് ഹക്കുവിന്റെ ഭാര്യ ആർ.ബാലാമണി ടീച്ചർ, മക്കളായ ആര്യ, മീര, പി.വി.കൃഷ്ണന്റെ ഭാര്യ മെഴ്സി ടീച്ചർ എന്നിവർ പങ്കെടുത്തു.

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന കാർട്ടൂണിസ്റ്റ് ഹക്കുവിന്റെ രാഷ്ട്രീയ കാർട്ടൂൺ പ്രദർശനം പൊളിട്രിക്സ് തുടങ്ങി

0 Comments

Leave a comment