കഴക്കൂട്ടം: കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഈ വരുന്ന ജൂൺ മാസത്തോടെ പൂർണമായും ഗതാഗതത്തിന് തുറന്നു കൊടുക്കാനാവുമെന്നാണ് നിർമാണ കരാർ ഏറ്റെടുത്ത ആർ.ഡി.എസ് കമ്പനി അധികൃതർ പറയുന്നത്. ഹൈവേയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്ന് ദേശീയപാതാ പ്രോജക്ട് ഡയറക്ടർ പി.പ്രദീപും അറിയിച്ചു.
ടെക്നോപാർക്ക് ഫെയ്സ് ത്രീ മുതൽ കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രി വരെയാണ് 2.72 കിലോമീറ്റർ ദൂരം വരുന്ന എലിവേറ്റഡ് ഹൈവേ. പാതയിലെ ഓരോ ദിശയിലും 9.5 മീറ്റർ വെച്ച് മൊത്തം 21 മീറ്ററാണ് പാലത്തിൻ്റെ വീതി. ഇതിൽ ഇരു ദിശകളിലേക്കുമുള്ള റോഡുകൾക്കിടയിൽ ഒരു മീറ്റർ വീതിയിൽ മീഡിയനും ഇരു വശങ്ങളിലുമായി അര മീറ്റർ വീതം വീതിയിൽ ക്രാഷ് ബാരിയറും ഉൾപ്പെടുന്നു. പാലത്തിൻ്റെ അപ്രോച്ചും എക്സിറ്റും മൊത്തം 300 മീറ്റർ വീതമാണുള്ളത്. "മെക്കാ ഫെറി" എന്ന കമ്പനിയുടെ ടെക്നോളജി ഉപയോഗിച്ചാണ് ഇവ പണിയുന്നത്.
ഹൈവേക്കു 61 സ്പാനുകൾ (കോൺക്രീറ്റ് തൂണുകൾ) ഉണ്ട്. ഇവയിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലിയ്ക്കാണ് ഏറ്റവും കൂടുതൽ സമയമെടുത്തത്. മൊത്തം 420 ഗർഡറുകളിൽ അവസാനത്തെ ഗർഡറും സ്ഥാപിച്ചു കഴിഞ്ഞു. 60 സ്പാനുകളിൽ 7 വീതം ഗർഡറുകളാണ് 50 ടൺ ഭാരമുയർത്താൻ ശേഷിയുള്ള രണ്ടു ക്രെയിനുകൾ ഉപയോഗിച്ചു സ്ഥാപിച്ചത്. ഹൈവേക്കു കൈവരി നിർമ്മിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. മേൽപാലത്തിൽ ടാർ ചെയ്യുന്ന ജോലികളും ഉടൻ നടക്കും. ഇരുവശങ്ങളിലും അപ്രോച്ച് റോഡ് നിർമ്മിക്കേണ്ടതുമുണ്ട്. ഒന്നര മാസം കൊണ്ട് അപ്രോച്ച് റോഡിന്റെ നിർമാണവും പൂർത്തിയാക്കുമെന്നാണ് കരാറെടുത്ത കമ്പനി അറിയിച്ചിട്ടുള്ളത്.
2021 ഏപ്രിൽ ആയിരുന്നു കരാർ കാലാവധി അവസാനിച്ചതെങ്കിലും രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2018 ൽ ആരംഭിച്ച എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കോവിഡ് രൂക്ഷമായതോടെ തൊഴിലാളി പ്രശ്നങ്ങളോടൊപ്പം മറ്റു പല സാങ്കേതിക പ്രശ്നങ്ങളും കാരണം പല തവണ നിർത്തി വയ്ക്കേണ്ടി വന്നതിനാൽ പൂർത്തീകരണം അനന്തമായി നീളുകയായിരുന്നു.
എലിവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറക്കുന്നതോടെ കഴക്കൂട്ടത്തെ വൻ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവുമെന്നുള്ള ആശ്വാസത്തിലാണ് പ്രദേശവാസികളടക്കമുള്ള യാത്രക്കാരും വ്യാപാരികളും. മിഷൻ ആശുപത്രി ജംഗ്ഷൻ മുതൽ കഴക്കൂട്ടം വരെ ഇരുവശത്തും നടപ്പാത ഇല്ലാത്തതിനാൽ കാൽനട യാത്രക്കാർ വളരെയേറെ ബുദ്ധിമുട്ടിയും അപകടകരമായ രീതിയിലുമാണ് നിലവിൽ യാത്ര ചെയ്യുന്നത്. പാർക്കിംഗ് സൗകര്യം ഇല്ലാത്തത് കച്ചവടക്കാരെയും വളരെയേറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഹൈവേയുടെ പണിയാരംഭിച്ചതോടെ അനിശ്ചിതാവസ്ഥയിലായ കഴക്കൂട്ടത്തെ വൻകിട ചെറുകിട വ്യാപാര സ്ഥാപന ഉടമകൾക്കാണ് എലിവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനത്തോടെ ഏറെ ആശ്വാസമാവുക.
കൂടാതെ എലിവേറ്റഡ് ഹൈവേ ഗതാഗതസജ്ജമാകുമ്പോൾ കൊല്ലം ഭാഗത്തു നിന്നും ദേശീയപാത വഴി വരുന്ന ദീർഘദൂര യാത്രക്കാർക്ക് കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിൽപ്പെട്ട് സമയ നഷ്ടമില്ലാതെ തിരുവനന്തപുരത്തേക്ക് വേഗത്തിലെത്താനും കഴിയും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്നതും മടങ്ങുന്നതുമായ യാത്രക്കാർക്കായിരിക്കും എലിവേറ്റഡ് ഹൈവേ കൂടുതൽ ഉപകാരപ്രദമാകുന്നത്.
ടെക്നോപാർക്ക് ഫെയ്സ് ത്രീ മുതൽ കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രി വരെയാണ് 2.72 കിലോമീറ്റർ ദൂരം വരുന്ന എലിവേറ്റഡ് ഹൈവേ.





0 Comments