/uploads/news/2413-IMG-20211031-WA0082.jpg
Local

താരപ്പൊലിമയുടെ ഭാവങ്ങളില്ലാതെ ഭിന്നശേഷിക്കുട്ടികൾക്കൊപ്പം ചിരിപ്പടക്കത്തിന് തിരികൊളുത്തി സുരാജ് വെഞ്ഞാറമൂട്


കഴക്കൂട്ടം: എ.ആർ.റഹ്മാർ ഈണമിട്ട എതെങ്കിലും ഒരു പാട്ട് പാടാമോ? ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളോടായി ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് ചോദിച്ചു. അന്ത അറബിക്കടലോരം. ഉടനെത്തി രാഹു കെ.ജിയുടെ അതിഗംഭീര ആലാപനം. സംഗീതോപകരണങ്ങളുടെ ശബ്ദാനുകരണത്തോടെ ഓർക്കസ്ട്രേഷൻ നൽകി സുരാജ് വെഞ്ഞാറമൂട് പാട്ടൊന്ന് കൊഴുപ്പിച്ചു. കാണികളുടെ നിലയ്ക്കാത്ത കൈയടിയിൽ നിറഞ്ഞ സംഗീത വിരുന്ന് ഏറ്റെടുത്ത് കാണികളും ഒപ്പം കൂടുന്നതാണ് പിന്നീട് കണ്ടത്. മാജിക് പ്ലാനറ്റിന്റെ ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്മൈലി ടൈം വിത്ത് സുരാജ് എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുരാജ്. താരപ്പകിട്ടിന്റെ ഭാവഭേദങ്ങളില്ലാതെ ഭിന്നശേഷിക്കുട്ടികൾക്കൊപ്പം ആടിയും പാടിയും ചിരി നുറുങ്ങുകൾ അവതരിപ്പിച്ചും സുരാജ് വേദി കൈയിലെടുക്കുകയായിരുന്നു. ഡിഫറന്റ് ആർട് സെന്ററിന്റെ സംഗീത വേദിയിലായിരുന്നു സുരാജ് ചിരിപ്പടക്കത്തിന് തിരികൊളുത്തിയത്. കുട്ടികൾ ആലപിച്ച നാടൻ പാട്ടുകൾക്ക് സുരാജ് ഒപ്പം ചേർന്നപ്പോൾ കുട്ടികളുടെ ആവേശം രണ്ടിരട്ടിയായി. ഡിഫറന്റ് ആർട് സെന്ററിലെ മറ്റ് വേദികളും സന്ദർശിച്ച് കുട്ടികളെ ആശംസിച്ച ശേഷമാണ് സുരാജ് സെന്റർ വിട്ടിറങ്ങിയത്. മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡോ.മുഹമ്മദ് അഷീല്, മാനേജർ ജിൽ ജോസഫ് എന്നിവർ സുരാജിനെ അനുഗമിച്ചു.

താരപ്പൊലിമയുടെ ഭാവങ്ങളില്ലാതെ ഭിന്നശേഷിക്കുട്ടികൾക്കൊപ്പം ചിരിപ്പടക്കത്തിന് തിരികൊളുത്തി സുരാജ് വെഞ്ഞാറമൂട്

0 Comments

Leave a comment