കഴക്കൂട്ടം: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടയില്‍ പണവും സ്വര്‍ണവും ഉള്‍പ്പെടെ മോഷണം നടത്തുന്ന സംഘം വിലസുന്നു. തിരക്കുള്ള ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ബാഗിനുള്ളില്‍ നിന്നും വളരെ തന്ത്രപൂര്‍വമാണ് പഴ്സും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും സംഘം തട്ടിയെടുക്കുന്നത്. ആറ്റിങ്ങൽ,ചിറയിൻകീഴ്, പെരുമാതുറ, പോത്തൻകോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഓർഡിനറി ബസ്സുകളിലാണ് കൂടുതലായും മോഷണം നടന്നതായി പരാതികൾ വന്നിട്ടുള്ളത്.
രാവിലെയും വൈകുന്നേരങ്ങളിലും കൂടുതല്‍ തിരക്കുള്ള സമയങ്ങളിലാണു മോഷണങ്ങള്‍ ഏറെയും നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന ആർ.സി.സി ജീവനക്കാരിയായ കണിയാപുരം സ്വദേശിനിയുടെ ബാഗിനുള്ളിൽ നിന്നും പണമടങ്ങിയ പഴ്സ് കവർന്നത്.പണത്തിനു പുറമെ ട്രാവൽ കാർഡ്,എസ്.ബി.ഐ യുടെ എ.ടി.എം കാർഡ് തുടങ്ങിയവയും നഷ്ടപ്പെട്ടു. മെഡിക്കൽ കോളേജിൽ നിന്നും പെരുമാതുറയിലേക്ക് പോയ കെഎസ്ആര്‍ടിസി ഓർഡിനറി ബസിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്.
ഇവര്‍ പരാതിയുമായി കെഎസ്ആര്‍ടിസി കണിയാപുരം ഡിപ്പോയിലെ അധികൃതരെ സമീപിച്ചപ്പോഴാണു ബാഗിനുള്ളില്‍ നിന്നും പണവും ആഭരണങ്ങളും ഉള്‍പ്പെടെയുള്ളവ നഷ്ടമാകുന്നത് പതിവ് സംഭവമാണെന്നു ഡിപ്പോ അധികൃതര്‍ പറഞ്ഞത്. ഒരു വാനിറ്റി ബാഗ് നിറയെ കാലിയായ പഴ്സുകളും അധികൃതര്‍ കാട്ടിക്കൊടുത്തു. പണം കൈക്കലാക്കിയ ശേഷം ബസിൽ ഉപേക്ഷിച്ച പഴ്സുകളായിരുന്നു അതെല്ലാം.
മാന്യമായി വസ്ത്രം ധരിച്ചു ബസുകളില്‍ യാത്രചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടുന്ന മോഷ്ടാക്കൾ, മോഷണം നടത്തിക്കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങി സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറുകയാണ് പതിവെന്നു പോലീസ് പറയുന്നു. ചിലപ്പോള്‍ ഇത്തരത്തിലുള്ള മോഷണം നടത്തുന്നവരെ സഹായിക്കാനായി ചില സംഘങ്ങള്‍ ബസുകള്‍ക്കു പുറകെ മറ്റു വാഹനങ്ങളിലും ഇവരെ പിന്തുടരുമെന്നും പോലീസ് പറയുന്നു.
എന്നാൽ കഴക്കൂട്ടത്ത് നിന്നും കയറുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥി- വിദ്യാർത്ഥിനികളെ സംശയമുണ്ടെന്ന് പെരുമാതുറ ബസിലെ സ്ഥിരം യാത്രക്കാരായ സ്ത്രീകൾ പറയുന്നു. കൂട്ടമായി ഇടകലർന്ന് ബസിൽ കയറുന്ന ഈ കുട്ടികളുടെ പെരുമാറ്റവും മറ്റുള്ളവരെ പലപ്പോഴും അലോസരപ്പെടുത്താറുണ്ടെന്നും ഇവർ ബസിൽ കൃത്രിമ തിരക്ക് സൃഷ്ടിക്കാറുണ്ടെന്നും യാത്രക്കാർ പറയുന്നു.
രാവിലെയും വൈകുന്നേരവും ബസുകളില്‍ യാത്ര ചെയ്യുന്ന അധ്യാപികമാരും വിദ്യാര്‍ഥിനികളും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുമാണു കൂടുതലും മോഷണത്തിനിരയാകുന്നത്.
നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പോലീസ് പരിശോധന കര്‍ശനമാക്കണം എന്നും, മഫ്തിയില്‍ വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിനായി നിയോഗിയ്ക്കണമെന്നും സ്ഥിരം യാത്രക്കാർ ആവശ്യപ്പെടുന്നു.
കഴക്കൂട്ടത്ത് നിന്നും കയറുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥി- വിദ്യാർത്ഥിനികളെ സംശയമുണ്ടെന്ന് പെരുമാതുറ ബസിലെ സ്ഥിരം യാത്രക്കാരായ സ്ത്രീകൾ പറയുന്നു. കൂട്ടമായി ഇടകലർന്ന് ബസിൽ കയറുന്ന ഈ കുട്ടികളുടെ പെരുമാറ്റവും മറ്റുള്ളവരെ പലപ്പോഴും അലോസരപ്പെടുത്താറുണ്ടെന്നും ഇവർ ബസിൽ കൃത്രിമ തിരക്ക് സൃഷ്ടിക്കാറുണ്ടെന്നും യാത്രക്കാർ പറയുന്നു.





0 Comments