/uploads/news/2040-images (19).jpeg
Local

തിരുവനന്തപുരം കോർപ്പറേഷൻ, കൃഷിഭവൻ വഴി വിവിധ പദ്ധതികൾക്ക് അപേക്ഷ സ്വീകരിക്കുന്നു...


കഴക്കൂട്ടം: തിരുവനന്തപുരം കോർപ്പറേഷൻ, കൃഷിഭവൻ വഴി ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന സമഗ്ര പുരയിട കൃഷി വികസന പദ്ധതി, വാണിജ്യ കൃഷി പ്രോത്സാഹന പദ്ധതി, തരിശു കൃഷി പദ്ധതി, കാർഷിക ആവശ്യത്തിനുള്ള പമ്പ്സെറ്റ് സബ്സിഡി, തെങ്ങിന്റെ രോഗകീട നിയന്ത്രണ പദ്ധതി, നെൽപ്പാടങ്ങളിൽ മൂന്നാംവിള പയർ കൃഷി എന്നിവക്ക് അപേക്ഷ നൽകുവാൻ സമയമായി. അപേക്ഷകൾക്ക് നിങ്ങളുടെ വാർഡ് കൗൺസിലറുമായോ കൃഷിഭവനുമായോ ബന്ധപ്പെടേണ്ടതാണെന്ന് കഴക്കൂട്ടം കൃഷി ഭവൻ കൃഷി ഓഫീസർ അറിയിച്ചു. വീട്ടു വളപ്പിൽ കൃഷി ചെയ്യുന്നവർക്ക് പ്രോത്സാഹനമായാണ് സമഗ്ര പുരയിട കൃഷി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം വീട്ടുവളപ്പിലെ സ്ഥല ലഭ്യതയ്ക്കനുസരിച്ചു ഇടവിള കിറ്റ്, പച്ചക്കറി തൈകൾ, ദീർഘകാല പച്ചക്കറി തൈകൾ, കുറ്റി കുരുമുളക് തൈകൾ, വാഴക്കന്ന് എന്നിവ സൗജന്യമായി നൽകും. ജൈവവളം ജൈവകീടനാശിനി, ഗ്രോ ബാഗ് എന്നിവ 75% സബ്സിഡി നിരക്കിൽ നൽകും. 25 % ഗുണഭോക്തൃ വിഹിതം കൃഷി ഭവനിൽ അടക്കേണ്ടതാണ്. വീട്ടു വളപ്പിൽ സ്വന്തം ആവശ്യത്തിന് കൃഷി ചെയ്യുന്നവർക്ക്, കൃഷി മുഖ്യ വരുമാന മാർഗമല്ലാത്തവർക്ക് അപേക്ഷിക്കാം. വാണിജ്യ കൃഷി പ്രോത്സാഹന പദ്ധതി പ്രകാരം, വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന, കൃഷി മുഖ്യ വരുമാന മാർഗമായിട്ടുള്ളവർക്ക് അപേക്ഷിക്കാം. വാണിജ്യ അടിസ്ഥാനത്തിൽ കുറഞ്ഞത് 10 സെന്റ് സ്ഥലത്തു വാഴ, പച്ചക്കറി, കിഴങ്ങു വർഗ്ഗങ്ങൾ, തെങ്ങ് എന്നിവ കൃഷി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷയിൽ കൃഷി ഏതൊക്കെ എന്നും എത്ര സ്ഥലത്തു ചെയ്തിട്ടുണ്ടെന്നും (തെങ്ങാണെങ്കിൽ എണ്ണം) രേഖപ്പെടുത്തേണ്ടതാണ്. ഒരാൾ മേൽപ്പറഞ്ഞ വീട്ടു വളപ്പിൽ കൃഷി, അല്ലെങ്കിൽ വാണിജ്യ കൃഷി ഇവയിൽ ഏതെങ്കിലും ഒരു പദ്ധതിക്കു മാത്രമേ അപേക്ഷിക്കാൻ പാടുള്ളു. കഴിഞ്ഞ 3 വർഷമായി കൃഷി ചെയ്യാത്ത സ്ഥലങ്ങളിൽ വാഴ, പച്ചക്കറി, കിഴങ്ങു വർഗ്ഗങ്ങൾ, തെങ്ങ് എന്നിവ കൃഷി ചെയ്യുന്നവർക്കു തരിശു കൃഷി വികസന പദ്ധതിക്കു അപേക്ഷിക്കാം. കുറഞ്ഞത് 10 സെൻ്റ് സ്ഥലം സ്വന്തമായി ഉള്ളവർക്കും അവിടെ കൃഷി ചെയ്യുന്നവർക്കും കൃഷി ആവശ്യത്തിനുള്ള പമ്പ്സെറ്റിന് അപേക്ഷിക്കാം. കൂടാതെ രോഗം ബാധിച്ച തെങ്ങു മുറിക്കുന്നതിനും (തെങ്ങൊന്നിനു 1,000 രൂപ), പുതിയവ നടുന്നതിനും, (75% സബ്സിഡി) കീട രോഗാക്രമങ്ങൾക്ക് മരുന്നിനും, മരുന്ന് തളിക്കുന്നതിനും (75% സബ്സിഡി) ആണ്. തെങ്ങിന്റെ രോഗകീട നിയന്ത്രണ പദ്ധതി പ്രകാരം അനുകൂല്യം നൽകുന്നത്. മരുന്നിന്റെ വിലയുടെയും കൂലി ചെലവിന്റെയും 25% തുക കൃഷി ഭവനിൽ അടക്കണം. അപേക്ഷകൾ ജൂലൈ 8 നു മുൻപായി കൗൺസിലർക്കോ കൃഷിഭവനിലോ നൽകേണ്ടതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ എത്രയും വേഗത്തിൽ നടപ്പിലാക്കുവാൻ കർശന നിർദേശം ഉള്ളതിനാലും, ജൂലൈ 10 നു മുൻപായി ഗുണഭോക്തൃ ലിസ്റ്റ് അംഗീകാരത്തിനായി കോർപറേഷനിൽ സമർപ്പിക്കേണ്ടതിനാലും, ജൂലൈ 8 നു ശേഷം അപേക്ഷ സ്വീകരിക്കുന്നതല്ല. യഥാർഥ കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നതിനും സർക്കാർ നൽകുന്ന ആനുകൂല്യം അർഹരായ എല്ലാവരിലും എത്തിക്കുവാനും പരമാവധി കർഷകർ ജൂലൈ 8 നു മുൻപായി അപേക്ഷകൾ നൽകി ആനുകൂല്യം ഉറപ്പാക്കണമെന്ന് കഴക്കൂട്ടം കൃഷി ഭവൻ കൃഷി ഓഫീസർ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ, കൃഷിഭവൻ വഴി വിവിധ പദ്ധതികൾക്ക് അപേക്ഷ സ്വീകരിക്കുന്നു...

0 Comments

Leave a comment