കഴക്കൂട്ടം: പള്ളിപ്പുറം, പാച്ചിറ പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധർ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാക്കിയിരിക്കുകയാണ്. ഇത് പ്രദേശവാസികളിലാകെ കഠിനമായ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. മാലിന്യവും മലിന ജലവുമടക്കം റോഡിന്റെ ഇരുവശവും സാമൂഹ്യ വിരുദ്ധർ കൊണ്ടു തള്ളുകയാണ്. ലോഡ് കണക്കിന് മാലിന്യങ്ങൾ തള്ളുന്നത് കാരണം പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. പാച്ചിറയ്ക്കടുത്തുള്ള കൈതോട്ടിലെ കലിങ്ക് മൂടുന്ന രീതിയിലാണ് കുറച്ചു ദിവസം മുമ്പ് അറവ് ശാലയിൽ നിന്ന് ലോറി കണക്കിന് മാലിന്യം കൊണ്ടു തള്ളിയത്. പിന്നീട് ഉണ്ടായ ചാറ്റൽ മഴയിൽ ഇത് അവിടെ കിടന്ന് അഴുകിയെതിനെ തുടർന്ന് അസഹനീയമായ വിധത്തിൽ ദുർഗന്ധമുണ്ടാവുകയും അര കിലോ മീറ്റർ വരെ വ്യാപിക്കുകയും ചെയ്തു. അതു വഴി കാൽനട യാത്രക്കാർക്കോ വാഹനത്തിലോ പോലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയായി. തുടർന്ന് പാച്ചിറ സ്വദേശിയായ ശശിധരൻ നായരുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് മാലിന്യം കുഴിച്ചു മൂടുകയായിരുന്നു. പള്ളിപ്പുറം പവർ ഗ്രിഡ് സ്റ്റേഷന്റെ മതിലിനോട് ചേർന്ന് ദിവസവും ചാക്ക് കണക്കിന് മാലിന്യ വസ്തുക്കളാണ് കൊണ്ടു തള്ളുന്നത്. കണിയാപുരത്ത് എൻ.എച്ച് സ്റ്റോർ എന്ന സ്ഥാപനം നടത്തുന്ന ഹമീദിന്റെ പള്ളിപ്പുറത്തെ വീടിനരുകിലെ കൈത്തോട്ടിലും രാത്രിയിൽ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം കൊണ്ടു തള്ളിയതിനെതിരെ പൊലീസിലും ഹെൽത്തിലും പരാതിപ്പെട്ടിരുന്നു. കൂടാതെ പള്ളിപ്പുറം സി.ആർ.പി.എഫ് മുതൽ കാരമൂട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും മാലിന്യ കൂമ്പാരമാക്കി മാറ്റിയിരിക്കുകയാണ്. മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാനായി പഞ്ചായത്തു മെമ്പറിന്റെ നേതൃത്വത്തിൽ പലയിടത്തും സി.സി. ക്യാമറ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും യാതൊരു ഫലമുണ്ടായിട്ടില്ല. മംഗലപുരം പൊലീസിൽ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള പരാതികളുടെ കൂമ്പാരം തന്നെയുണ്ടെന്നും എന്നാൽ അവർ ഇത് അന്വേഷിക്കാനോ, രാത്രി പട്രോളിംഗ് നടത്താനോ മുതിരുന്നില്ലെന്നും പരാതിയുണ്ട്.
പള്ളിപ്പുറം, പാച്ചിറ പ്രദേശങ്ങൾ മാലിന്യത്താൽ ചീഞ്ഞുനാറുന്നു.





0 Comments