പെരുമാതുറ: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്ഥാവനക്കെതിരെ പെരുമാതുറ പൗരാവലിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടന്നു. പുതുക്കുറിച്ചി ജംഗ്ഷന് സമീപത്ത് നിന്നും ആരംഭിച്ച പ്രതിഷേധ റാലി പെരുമാതുറ ജംഗ്ഷൻ, മാടൻവിള, വടക്കേ പെരുമാതുറ ജംഗ്ഷനിൽ സമാപിച്ചു. പുതുക്കുറിച്ചി ജംഗ്ഷനിൽ നിന്നും ചീഫ് ഇമാം പ്രാർത്ഥനയോടെയാണ് റാലി ആരംഭിച്ചത്.
പൗരത്വ പ്രക്ഷോഭ കാലത്ത് നടത്തിയ പ്രതിഷേധ റാലിക്ക് സമാനമായ രീതിയിൽ അഞ്ചൂറോളം പേരാണ് പ്രതിഷേധ റാലിയുടെ ഭാഗമായത്. സംഘാടകർ മുൻകൂട്ടി തയ്യാറാക്കിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധ റാലിയിൽ ഏറ്റുവിളിച്ചത്. പെരുമാതുറ ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമം ഇംദാദിയ അറബിക് കോളേജ് പ്രിൻസിപ്പാൾ ഉസ്താദ് കുറ്റിച്ചൽ ഹസ്സൻ ബസരി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നടത്തി.
സമൂഹത്തിൽ മതവിദ്വേഷമുണ്ടാക്കി കലാപത്തിന് കോപ്പ് കൂട്ടാനുള്ള ശ്രമമാണ് കേന്ദ്രഭരണത്തിന്റെ മറവിൽ ഫാസിസ്റ്റ് ഭരണകൂടം ചെയ്യുന്നതെന്ന് ഷംസുദ്ദീൻ മന്നാനി പറഞ്ഞു. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണഘടന നമുക്ക് നൽകുന്ന സ്വാതന്ത്ര്യമാണ് മതവിശ്വാസം എന്നിരിക്കെ മതവിശ്വാസം വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ട് ഇത്തരം പ്രസ്താവനകൾ ഇറക്കുന്നവരെ തുറുങ്കിലടക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരുമാതുറ മേഖലയിലെ പത്ത് മഹല്ലുകളിൽ നിന്നുള്ള ഭാരവാഹികളും ഇമാമീങ്ങളും വിശ്വാസികളും റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.
പ്രവാചക നിന്ദ: പെരുമാതുറയിൽ വമ്പിച്ച പ്രതിഷേധ റാലി





0 Comments