കഴക്കൂട്ടം: മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കുട്ടികൾ പുന്നയ്ക്കോണം ഏലായിൽ നെൽ കൃഷിക്കായി പാടത്തിറങ്ങി. സംസ്ഥാന കാർഷിക വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന "പാഠം ഒന്ന് പാടത്തേക്ക്" എന്ന പദ്ധതിയിൽ പങ്കാളികളായാണ് കുട്ടികൾ പാടത്തിറങ്ങിയത്. കുട്ടികളെ കാർഷിക രംഗത്തെ പ്രവർത്തികളിൽ പങ്കാളികൾ ആക്കാനും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പാഠം ഒന്ന് പാടത്തേക്ക് പദ്ധതി. തോന്നയ്ക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെയും, പാട്ടം എൽ.പി സ്കൂളിലെയും നൂറ്റമ്പതോളം വിദ്യാർത്ഥികൾ മഴയത്തും ആവേശത്തോടു കൂടിയാണ് വയലിൽ ഞാറു നടാനായി കർഷക വേഷമണിഞ്ഞു മുന്നോട്ടു വന്നത്. കർഷകരും നാട്ടുകാരും ഉദ്യമത്തിൽ പങ്കാളികളായി കന്നി മാസത്തിലെ മകം നാളിൽ നെല്ലിന്റെ ജന്മദിനം എന്ന വിശ്വാസത്തോടെയാണ് കുട്ടികളിൽ അവബോധം സൃഷ്ടിച്ചു കാർഷിക വകുപ്പും വിദ്യാഭ്യാസ വകുപ്പും ഈ പദ്ധതിക്കു തുടക്കം കുറിക്കാൻ തീരുമാനിച്ചത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം പഞ്ചായത്തു തല പദ്ധതി ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗം മുരുക്കുംപുഴ എം.ഷാനവാസ്, തോന്നയ്ക്കൽ സ്കൂൾ ഹെഡ്മിസ്ട്രസ് റസിയ ബീവി, പാട്ടം സ്കൂൾ അദ്ധ്യാപിക ബീന, മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയിൽ കുട്ടികൾ പുന്നയിക്കുന്നം പാടശേഖരത്തിൽ ഞാറു നട്ട് പങ്കാളികളായത്.
മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കുട്ടികൾ പാടത്തിറങ്ങി.





0 Comments