പെരുമാതുറ: മുതലപൊഴി അഴിമുഖത്ത് ബോട്ട് അപകടത്തിൽപ്പെട്ടു മറിഞ്ഞു. നാല് മത്സ്യതൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശികളായ ജറാൾഡ്, നെനോയ്, റോഷൻ, കുട്ടൻ എന്നിവരാണ് രക്ഷപെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയ്ക്കാണ് അപകടമുണ്ടായത്. കായലിൽ നിന്ന് മുതലപ്പൊഴി അഴിയിലൂടെ ബോട്ട് കടലിലേയ്ക്ക് പ്രവേശിപ്പിക്കുന്നതിനിടെ ബോട്ട് തിരയിൽപ്പെട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ട് തിരയിൽപ്പെടുകയും തലകീഴായി മറിയുന്നതിന് മുമ്പ് നാലുപേരും വെളളത്തിലേയ്ക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസിന്റെ ഉടമസ്ഥതയിലുളള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഈ സമയം സമീപത്തുണ്ടായിരുന്ന മത്സ്യതൊഴിലാളികൾ ഇവരെ രക്ഷിച്ചു. അപകടത്തിൽപ്പെട്ടവർക്ക് നിസാര പരുക്കുകളെ സംഭവിച്ചുളളു. ആഗസ്റ്റ് 12-ന് മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ട് മറിഞ്ഞ് അഞ്ചുതെങ്ങ് പൂത്തുറ തരിശുപറമ്പ് നീനു കോട്ടേജിൽ റോക്കി ബെഞ്ചിനോസ് (57), അഞ്ചുതെങ്ങ് പഞ്ചായത്താഫീസിന് സമീപം കുന്നുംപുറത്ത് വീട്ടിൽ ലാസർ തോമസ് (55) എന്നിവർ മരണമടഞ്ഞിരുന്നു. ബോട്ടിൽ കൂടെയുണ്ടായിരുന്ന പൂത്തുറ സ്വദേശികളായ വിനോദ്, മോസസ്, അഞ്ചുതെങ്ങ് സ്വദേശി ടെറിൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുതലപ്പൊഴിയിലെ അഴിമുഖത്ത് രൂപപ്പെടുന്ന മണൽത്തിട്ടയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്ന വാദം ഇപ്പോൾ തന്നെ ശക്തമാണ്. മുതലപ്പൊഴി ഹാർബർ നിർമാണത്തിലെ അശാസ്ത്രീയതയാണ് ബോട്ട് മറിഞ്ഞുളള അപകടത്തിന് കാരണം. അപകടത്തിൽ വളളം മറിഞ്ഞ് ദേഹത്ത് വീണ് ആളപായം സംഭവിക്കുന്നത് പ്രദേശത്ത് നിത്യ സംഭവമായിമാറിയിരിക്കുകയാണ്. ഇത് കൂടാതെ വളളത്തിൽ മത്സ്യബന്ധനത്തിനായി കൊണ്ടു പോകുന്ന വലയും അനുബന്ധ ഉപകരണങ്ങളും മത്സ്യതൊഴിലാളികളുടെ ദേഹത്ത് വീണും അപകടങ്ങൾ സംഭവിക്കുന്നു.
മുതലപൊഴി അഴിമുഖത്ത് തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞു. നാല് മത്സ്യതൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു





0 Comments