കഴക്കൂട്ടം: ടെക്നോപാർക്കിനു മുന്നിൽ റോഡു നിർമ്മാണത്തിനായി ഇട്ടിരുന്ന കമ്പിയിൽ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരന്റെ കാലിൽ കമ്പി തുളഞ്ഞു കയറി പരിക്കേറ്റു. പള്ളിപ്പുറം അപ്പോളോ കോളനി സ്വദേശിയായ വിജിത്ത് (21) ആണ് അപകടത്തിൽപ്പെട്ടത്. ബൈപ്പാസിൽ ടെക്നോപാർക്കു മുതൽ വിജയ ബാങ്കു വരെയുള്ള 2.5 കി.മീറ്റർ ദൂരത്തിലുള്ള മേൽപ്പാലത്തിന്റെ നിർമ്മാണത്തിനുള്ള പില്ലർ നിർമ്മിക്കാനായി രൂപപ്പെടുത്തി ഇട്ടിരുന്ന കമ്പിയിലാണ് വിജിത്തിന്റെ പൾസർ ബൈക്ക് ഇടിച്ചു കയറിയത്. ബുധനാഴ്ച രാത്രി 10.30 നാണ് കഴക്കൂട്ടം, കോവളം ബൈപാസിൽ ടെക്നോപാർക്ക് പ്രധാന കവാടത്തിനു മുൻപിൽ അപകടമുണ്ടായത്. കഴക്കൂട്ടത്തു നിന്നും ഫയർ ഫോഴ്സ് എത്തി. കാൽമുട്ടിലൂടെ കുത്തിക്കയറിയ നിലയിൽ കുരുങ്ങിയ കമ്പി അര മണിക്കൂർ നീണ്ട പരിശ്രമ ഫലമായി കട്ടർ ഉപയോഗിച്ച് മുറിച്ചാണ് രക്ഷപ്പെടുത്തിയത്. ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച വിജിത്തിന്റെ കാലിൽ അടിയന്തിരമായി നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കാലിൽ നിന്നും കമ്പി നീക്കം ചെയ്തത്. യാതൊരു സുരക്ഷിതത്വവുമില്ലാത്ത രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇട്ടിരുന്ന കമ്പികൾ റോഡിൽ വാരി വലിച്ച് ഇട്ടിരിക്കുന്നത്. റോഡിന്റെ പകുതിയോളം കമ്പി കൊണ്ട് നിറച്ചിരിക്കുകയാണ്. എന്നാൽ റോഡ് യാത്രക്കാർക്കുള്ള സുരക്ഷയ്ക്കായുള്ള യാതൊരു നിർദ്ദേശങ്ങളോ നടപടികളോ സ്വീകരിച്ചിട്ടില്ല. റോഡിൽ നിറച്ചിരിക്കുന്ന കമ്പിയുടെ മുൻപിൽ സ്ഥാപിക്കേണ്ട ഡീവിയേറ്റർ സൈൻബോർഡ് സ്ഥാപിച്ചിരിക്കുന്നത് ഏറ്റവും പിറകിലായിട്ടാണ്. നിരവധി അപകടങ്ങളും മരണവും ഉണ്ടായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കടുത്ത ആക്ഷേപമുണ്ട്.
റോഡു നിർമ്മാണത്തിനായി ഇട്ടിരുന്ന കമ്പിയിൽ ബൈക്കിടിച്ച് യാത്രക്കാരന്റെ കാലിൽ കമ്പി തുളഞ്ഞു കയറി ഗുരുതരപരിക്ക്





0 Comments