/uploads/news/2183-images (50).jpeg
Local

വാടക സാധന വിതരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം: വാടക സാധന വിതരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ തിരുവോണ നാളിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ നിരാഹാര സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 19 മാസക്കാലമായി പ്രവർത്തനം നിലച്ച മേഖലയിൽ സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്ന സംരംഭകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് ഈ മേഖലയിലെ സംരംഭകർ നൽകിയ സംഭാവനകൾ വിസ്മരിക്കുവാൻ കഴിയില്ലെന്ന് സമരം ഉത്ഘാടനം ചെയ്തു കൊണ്ട് എ.വിൻസെന്റ് എം.എൽ.എ പറഞ്ഞു. വാക്സിനേഷൻ സ്വീകരിച്ച 300 പേരെ വരെ ഉൾക്കൊള്ളിച്ച് പൊതു പരിപാടികൾ അനുവദിക്കുക, വാടക സാധന - പന്തൽ -ഡെക്കറേഷൻ - ലൈറ്റ് & സൗണ്ട് മേഖലയ്ക്ക് പലിശ രഹിത വായ്പയും പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കുക, സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്ത വാടക സ്റ്റോർ ഉടമകളുടെ ആശ്രിതർക്ക് സർക്കാർ സർവീസിൽ ജോലി നൽകുക, കുടുംബത്തിന് 25 ലക്ഷം രൂപ ആശ്വാസ ധനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ തിരുവോണ നാളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിയത്. സംരക്ഷിക്കുക ഞങ്ങളേയും എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സമരം. കഴിഞ്ഞ 19 മാസക്കാലമായി ഈ മേഖല പ്രവർത്തന രഹിതമാണ്. 25,000 സംരംഭകരും 2 ലക്ഷം തൊഴിലാളികളും ജീവിതം വഴിമുട്ടി നിൽക്കുന്നു. പ്രതിസന്ധി മൂലം നിരവധി വാടക സ്റ്റോർ ഉടമകൾ ആത്മഹത്യ ചെയ്യുന്നു. ഈ അവസ്ഥ ഇനിയും തുടരുവാൻ കഴിയില്ലെന്നും സമരത്തിൽ നേതാക്കൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എ.പി.അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാലൻ, സംസ്ഥാന ട്രഷറർ പി.ഷംസുദ്ദീൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കമലാലയം സുകു, എൻ.പീതാംബരക്കുറുപ്പ് (മുൻ എം.പി), ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എസ്.എസ്.മനോജ്, മുസ്ലിം ലീഗ് നേതാവ് മാഹീൻ അബൂബക്കർ, എസ്.വി.ജയൻ, കാറ്ററേർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുനു, സി.ബി.തിലകൻ, രാജൻ, രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ എ.പി.മുഹമ്മദ് ബഷീർ, എൻ.എം.ജോർജ്, പി.കെ.സന്തോഷ് കുമാർ, കെ.ശിവപ്രസാദ്, സലീം മുരുക്കുമ്മൂട്, വി.ആർ.ജയൻ, ബി.പ്രസാദ് കുമാർ, മലപ്പുറം കോയാമ്മു തുടങ്ങിയ സംസ്ഥാന ഭാരവാഹികൾ സമരത്തിന് നേതൃത്വം നൽകി.

വാടക സാധന വിതരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് രമേശ് ചെന്നിത്തല

0 Comments

Leave a comment