പെരുമാതുറ: പെരുമാതുറ മേഖലയിൽപ്പെട്ട നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി പെരുമാതുറ സ്നേഹതീരം കിംസ് ഹെൽത്തുമായി സഹകരിച്ച് സൗജന്യമായി മൊബൈൽ ഫോണുകൾ വാങ്ങി നൽകി. ഒന്നാം ഘട്ടം എന്ന നിലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് മൊബൈൽ ഫോണുകൾ നൽകിയത്. ഈ മഹാമാരിക്കാലത്ത് വീട്ടിൽ മൊബൈൽ ഫോൺ ഇല്ലാത്തതിന്റെ പേരിൽ നമ്മുടെ നാട്ടിലെ ഒരു വിദ്യാർത്ഥിയുടെ പോലും ഓൺലൈൻ പഠനം മുടങ്ങരുത് എന്ന ഉദ്ദേശത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സ്നേഹതീരം ജനറൽ സെക്രട്ടറി എസ്.സക്കീർ ഹുസൈൻ പറഞ്ഞു. കൂടുതൽ വിദ്യാർത്ഥികൾക്ക് മൊബൈൽ നൽകുവാനുള്ള പരിശ്രമത്തിലാണ് സംഘടനയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച 'സുകൃതം സുരഭിലം' എന്ന പേരിൽ പ്രദേശത്തെ മിടുക്കരായ 20 വിദ്യാർത്ഥികൾക്ക് നാല് ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകിയിരുന്നു. കൂടാതെ ഒരു വിദ്യാർത്ഥിക്ക് ടെലിവിഷനും നൽകി. ജന്മനാടിന്റെ വിദ്യാഭാസ പുരോഗതിക്കായ് പെരുമാതുറ സ്നേഹതീരം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പെരുമാതുറ സെൻട്രൽ ജമാഅത്ത് ഹാളിൽ നടന്ന പരിപാടി ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്ഘാടനം ചെയ്തു. പെരുമാതുറ സ്നേഹതീരം ജനറൽ സെക്രട്ടറി എസ്.സക്കീർ ഹുസൈൻ അധ്യക്ഷനായി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൽ വാഹിദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ബിജു, ഒറ്റപ്പന വാർഡംഗം അൻസിൽ അൻസാരി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്നേഹതീരം ഡെവലപ്പ്മെന്റ് കമ്മിറ്റി ചെയർമാൻ അൻവർ എൻജിനീയർ, മാനേജിംഗ് കമ്മിറ്റിയംഗം എ.എം.ഇഖ്ബാൽ, അഴൂർ ഗ്രാമപഞ്ചായത്തംഗം നെസിയ സുധീർ, കഠിനംകുളം ഗ്രാമപഞ്ചായത്തംഗങ്ങളായ ബി.കബീർ, സജീന അമീൻ എന്നിവർ പങ്കെടുത്തു. സ്നേഹതീരം ചാരിറ്റി കമ്മിറ്റി കൺവീനർ എം.എം.ഇക്ബാൽ സ്വാഗതവും ഷഹീർ ബിൻ സലിം നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി പെരുമാതുറ സ്നേഹതീരം





0 Comments