തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും മൃതദേഹം മാറി നൽകി. ബന്ധുക്കൾ കൊണ്ടുപോയി സംസ്‌കരിച്ചത് മറ്റൊരാളുടെ മൃതദേഹം.
പ്രാവച്ചമ്പലം ഇടയ്ക്കോട് നെടുവിള വീട്ടിൽ ബാബു (54)വിന്റെ മൃതദേഹമാണ് ഒറ്റശേഖരമംഗലം ചേന്നാട് ലാവണ്യയിൽ എം.ലാൽ മോഹന്റെ (34) താണെന്നു കരുതി ബന്ധുക്കൾ വീട്ടുവളപ്പിൽ സംസ്കരിച്ചത്. 4 ദിവസം കഴിഞ്ഞാണ് മൃതദേഹം മാറിയ വിവരം പുറത്തായത്. മോർച്ചറിയിലുള്ളത് ലാൽ മോഹന്റെ മൃതദേഹമാണെന്ന് ഇന്നലെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.
ഈ മാസം 11 ന് നേമത്തുണ്ടായ അപകടത്തിൽ പരുക്കേറ്റ ബാബുവും മലയിൻകീഴിൽ വൈദ്യുത തൂണിൽ ബൈക്കിടിച്ച് പരുക്കേറ്റ ലാൽമോഹനെയും കാഷ്വാലിറ്റിയിൽ എത്തിച്ചത് ഒരേ സമയത്തായിരുന്നു. ബാബുവിനെ സൂപ്പർ സ്പെഷാലിറ്റിയിലേക്കും ലാൽമോഹനെ 25ാം വാർഡിനു സമീപത്തെ ഐസിയുവിലും പ്രവേശിപ്പിച്ചു.
വളരെ വൈകിയാണ് ലാൽമോഹന്റെ ബന്ധുക്കൾ വിവരം അറിഞ്ഞ് എത്തിയത്. ഐസിയുവിലായതിനാൽ ആർക്കും കാണാൻ കഴിഞ്ഞില്ല. 12ന് അപകടത്തിൽപ്പെട്ട് കഴിഞ്ഞ ദിവസം എത്തിച്ച ആൾ മരിച്ചെന്ന വിവരം അറിഞ്ഞാണ് ബന്ധുക്കൾ മൃതദേഹം കാണാനായി മോർച്ചറിയിൽ പോയത്. മൃതദേഹം കണ്ടയുടൻ ഇതു ലാൽമോഹന്റേതാണെന്നു ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. മുഖത്ത് നീരും മുറിവും ഉണ്ടായിരുന്നതിനാൽ കാര്യമായ പരിശോധന നടത്തിയില്ല.13ന് ഇൻക്വസ്റ്റ് നടപടിക്കു ശേഷം മൃതദേഹം ഏറ്റവുവാങ്ങി കൊണ്ടുപോയി സംസ്കരിച്ചു.
ഈ സമയം ബാബുവിന്റെ വിവരം തിരക്കി അലയുകയായിരുന്നു ബാബുവിന്റെ ബന്ധുക്കൾ. ഇന്നലെ രാവിലെ മരിച്ച അജ്ഞാതന്റെ മൃതദേഹം ആരുടേതാണെന്ന അന്വേഷണത്തിന് ഒടുവിലാണ് മൃതദേഹം മാറി പോയ വിവരം തിരിച്ചറിഞ്ഞത്. ഇന്നലെ മരിച്ചത് ലാൽ മോഹനാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ മൃതദേഹം കണ്ട് തിരിച്ചറിഞ്ഞു. ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് മൃതദേഹങ്ങൾ മാറി കൊണ്ടുപോയി സംസ്കരിക്കുന്നത്. അതേ സമയം ഇപ്പോഴത്തെ സംഭവത്തിൽ ബന്ധുക്കള്‍ പരിക്കേറ്റവരെ തിരിച്ചറിയുന്നതിലുണ്ടായ പിഴവാണ് വിവാദങ്ങള്‍ക്കിടയായതെന്ന് പൊലീസ് പറയുന്നു.
ഈ മാസം 11 ന് നേമത്തുണ്ടായ അപകടത്തിൽ പരുക്കേറ്റ ബാബുവും മലയിൻകീഴിൽ വൈദ്യുത തൂണിൽ ബൈക്കിടിച്ച് പരുക്കേറ്റ ലാൽമോഹനെയും കാഷ്വാലിറ്റിയിൽ എത്തിച്ചത് ഒരേ സമയത്തായിരുന്നു.





0 Comments