കഴക്കൂട്ടം: കാർഷിക മേഖലയ്ക്കും ഉൽപ്പാദന തൊഴിൽ സംരംഭങ്ങൾക്കും
മുൻഗണന നൽകി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് 2022- 23 ലെ സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിലയം ഹരിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് കെ.മാജിത അവതരിപ്പിച്ച 48,60,63,606 കോടി രൂപ വരവും 47 60 81 500 രൂപ ചെലവും 99,82,106 രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് പഞ്ചായത്ത് ഭരണ സമിതി പാസാക്കിയത്.
ജൈവ ഭൂമിക്കായി ഒരു കരുതൽ എന്ന ലക്ഷ്യത്തോടെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ആയിരം മഴക്കുഴികൾ നിർമ്മിക്കും. മാലിന്യമില്ലാത്ത തെളിനീരിനായി 18 വാർഡുകളിലും കുളങ്ങളും തോടുകളും മാലിന്യം നീക്കം ചെയ്ത് സംരക്ഷണം ഉറപ്പു വരുത്തും. കൃഷിക്ക് സഹായകമായി ലേബർ ബാങ്കും കാർഷിക കർമസേനയും രൂപീകരിക്കാനും ബഡ്ജറ്റ് ലക്ഷ്യമിടുന്നു. കറവ പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡിയും ഇൻഷുറൻസ് പരിരക്ഷയും കിടാരി വിതരണത്തിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ഉൽപ്പാദന മേഖലയ്ക്ക് ഒട്ടാകെ 1,43,50,500 രൂപയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുടുംബങ്ങൾ താമസിക്കുന്ന അപ്പോളോ കോളനി നവീകരണത്തിന് 8,59,11,000 രൂപയാണ് ബഡ്ജറ്റിൽ വകകൊള്ളിച്ചിരിക്കുന്നത്.
എട്ടു വകുപ്പുകളുടെ സംയോജനത്തിലൂടെ
എംഎൽഎയും മന്ത്രിയുമായ
ജി ആർ അനിൽ മുൻകൈയെടുത്താണ്
കോളനി നവീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ജീവിതശൈലീരോഗ പരിശോധനയ്ക്കും പാലിയേറ്റീവ് രോഗി പരിചരണത്തിനുമായി 17 ലക്ഷം രൂപ ബഡ്ജറ്റിൽ വക കൊണ്ടിട്ടുണ്ട്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്കോളർഷിപ്പിന് 23 ലക്ഷവും ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഓട്ടിസം സെന്റർ വഴി സഹായവും ബഡ്ജറ്റ് വിഭാവനം ചെയ്യുന്നു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് എൻട്രൻസ് പരിശീലനം കേരള യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ നൽകും.
മോഹനപുരം, കീഴാവൂർ, അണ്ടൂർകോണം, കൊയ്ത്തൂർകോണം എന്നീ സ്ഥലങ്ങളിൽ വയോ പാർക്ക് സ്ഥാപിക്കും. 15 ലക്ഷം രൂപ ചെലവിൽ പുതിയ ഹോമിയോ ആശുപത്രി, മാർക്കറ്റ് നവീകരണത്തിന് 85 ലക്ഷം ആയുർവേദ ആശുപത്രിയിൽ യോഗ സെൻററിനു 8 ലക്ഷം, തുടങ്ങി
ഭവന നിർമാണ പദ്ധതികൾക്കായി 4 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
അംഗനവാടികളുടെ നവീകരണത്തിനും പോഷകാഹാര പരിപാടിക്കും 34 ലക്ഷം, ദാരിദ്ര്യ ലഘൂകരണ പദ്ധതികൾക്ക് 24 ലക്ഷം രൂപ, തെരുവു വിളക്കുകൾ, റോഡുകൾ തുടങ്ങിയവയുടെ സംരക്ഷണ 74 ലക്ഷം എന്നിങ്ങനെ 30,19,20,000 രൂപ സേവന മേഖലയിൽ വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ കേരള യൂണിവേഴ്സിറ്റിയുടെ സഹായം ലഭ്യമാക്കുന്ന പദ്ധതികളുണ്ട് എന്നതാണ് പ്രത്യേകത. മത്സ്യകൃഷിക്ക് അക്വാട്ടിക് ബയോളജി ഡിപ്പാർട്ട്മെൻറ് സഹായവും എൻട്രൻസ് പരിശീലനം, ബയോപാർക്ക്, സ്കിൽ സർവ്വേ എന്നിവയ്ക്കും യൂണിവേഴ്സിറ്റി സൗജന്യ സേവനം നൽകുമ്പോൾ എൽ.ഇ.ഡി ബൾബ് നിർമാണത്തിന് ഒക്ടോ ഇലട്രോണിക്‌സും ഫിനിഷിങ് സ്കൂൾ പദ്ധതിക്ക് യൂ.എസ്.ടി ഗ്ലോബലും സൗജന്യ സഹായം ഗ്രാമപഞ്ചായത്തിന് വാഗ്ദാനം നൽകിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി സി.അശോക്, അക്കൗണ്ടൻറ് സണ്ണി പ്രവീൺ എന്നിവരും ബഡ്ജറ്റ് അവതരണത്തിൽ പങ്കെടുത്തു.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ കേരള യൂണിവേഴ്സിറ്റിയുടെ സഹായം ലഭ്യമാക്കുന്ന പദ്ധതികളുണ്ട് എന്നതാണ് പ്രത്യേകത.





0 Comments