/uploads/news/news_സംസ്ഥാനത്ത്_അഞ്ചാമത്_കതിർ_വായനശാലയ്ക്ക്_..._1656109427_2632.jpg
Local

സംസ്ഥാനത്ത് അഞ്ചാമത് കതിർ വായനശാലയ്ക്ക് തുടക്കമായി


തിരുവനന്തപുരം: വനാശ്രിത ഗോത്ര വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാന വന വികസന സമിതി നടപ്പിലാക്കി വരുന്ന കതിർ  പദ്ധതിയിലെ അഞ്ചാമത് വായനശാലയ്ക്ക് തിരുവനന്തപുരം കോട്ടൂരിൽ തുടക്കമായി. കോട്ടൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ ആയിരത്തിലധികം പുസ്തകങ്ങളുമായി ആരംഭിച്ച വായനശാല ജി സ്റ്റീഫൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് എം.എം.എസ് ആർട്‌സ് ആന്റ് സയൻസ് കോളേജിന്റെ സഹകരണത്തോടെ മാങ്കോട് ഇഡിസിയാണ് വായനശാല സജ്ജമാക്കിയത്. 


തദ്ദേശഭരണസ്ഥാപനങ്ങളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്ഥാനത്തെ 640 വന സംരക്ഷ സമിതികളും ചേർന്നുകൊണ്ട് എസ്.എഫ്.ഡി.എ  തയ്യാറാക്കുന്ന അക്കാദമിക ശൃംഖലയുടെ ഭാഗമാണ് കതിർ വായനശാലകൾ. വനാശ്രിത സമൂഹത്തിലെ ജനതയുടെ സാമൂഹികവും, അക്കാദമികവുമായ പങ്കാളിത്തവും ഉന്നമനവും ഉറപ്പു വരുത്തുന്നതിന് ആവശ്യമായ പശ്ചാത്തലമൊരുക്കുന്നതിനുള്ള ഇടങ്ങളാണിവ. 


പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ധാന്യം ഊരിൽ മണ്ണാർക്കാട് വനം ഡിവിഷനിലാണ് ആദ്യത്തെ കതിർ വായനശാല ആരംഭിച്ചത്.  ഇതിനു പുറമെ മണ്ണാർക്കാട് വനം ഡിവിഷനിൽ കല്ലാമ, മൂലക്കൊമ്പു, ചാലക്കുടിയിലെ ആനപ്പാന്തം ഊര് എന്നിവിടങ്ങളിലാണ് മറ്റ് വായന ശാലകൾ ഉള്ളത്. കോട്ടൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മാങ്കോട് ഇ.ഡി.സി പദ്ധതിപ്രദേശത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. 


മാങ്കോട് ഇ.ഡി.സി പ്രസിഡന്റ് വി.രമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഐ.എസ്.സുരേഷ്ബാബു, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി സുരേഷ്, രശ്മി അനിൽകുമാർ, മലയിൻകീഴ് ഗവ കോളേജ് പ്രിൻസിപ്പാൾ ഡോ ടി സുഭാഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അഭിലാഷ്.എസ്.എസ്, ഡോ അഖിൽ.സി.കെ, എ.ബി.പി റെയിഞ്ച് ഡെപ്യൂട്ടി വാർഡൻ ആർ.എസ് അനീഷ്‌ കുമാർ എന്നിവർ പങ്കെടുത്തു

മണ്ണാർക്കാട് വനം ഡിവിഷനിൽ കല്ലാമ, മൂലക്കൊമ്പു, ചാലക്കുടിയിലെ ആനപ്പാന്തം ഊര് എന്നിവിടങ്ങളിലാണ് മറ്റ് വായന ശാലകൾ ഉള്ളത്.

0 Comments

Leave a comment