നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പത്രക്കുറിപ്പുകൾ ഇറക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇത് മറ്റ് അനുബന്ധ സംഘടനകൾക്കും ബാധകമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നീ കമ്പനികളോട് കേന്ദ്രം നിർദേശിച്ചു.
വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷിക്കാനും നിർദേശമുണ്ട്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്ക് പുറമെ പോപ്പുലർ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിരോധിച്ച സംഘടനകളുടെ ഓഫീസുകൾ സീൽ ചെയ്യണമെന്നും ആഭ്യന്ത്രമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര നിർദേശത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടൊപ്പം റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷൻ എന്നിയ്ക്കാണ് നിരോധനം.
ഉത്തർ പ്രദേശ്, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശുപാർശകൂടി പരിഗണിച്ചാണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ നിരോധനത്തിന് കാരണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിഎഫ്ഐയ്ക്ക് ഐഎസ്, ജമാഅത്ത് ഉൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു.
PFI ഇനി പത്രക്കുറിപ്പുകൾ ഇറക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം





0 Comments