/uploads/news/news_നോട്ട്_നിരോധനം:_ഫാസിസത്തോട്_ഒരു_ജനത_പൊരു..._1667994818_8792.png
National

നോട്ട് നിരോധനം: ഫാസിസത്തോട് ഒരു ജനത പൊരുത്തപ്പെടുന്നതിന്റെ ആറ് വർഷങ്ങൾ


ന്യൂഡൽഹി: നോട്ട് നിരോധനത്തിന് ശേഷം ആറ് വർഷം പിന്നിട്ടിട്ടും ജനങ്ങളുടെ കൈവശമുള്ള കറൻസി നോട്ടുകൾ വർധിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. 2022 ഒക്ടോബർ വരെയുള്ള കണക്ക് അനുസരിച്ച് ജനങ്ങളുടെ കൈയ്യിൽ 30.88 ലക്ഷം കോടി രൂപയോളം കറൻസി നോട്ടുകളുണ്ട്.

2016 നവംബർ എട്ടിന് നോട്ട് നിരോധിക്കുന്ന രാജ്യത്തെ പൗരന്മാരുടെ കൈയ്യിലുള്ളതിനേക്കാൾ 71.84% ശതമാനം കൂടുതലാണ് ഇപ്പോഴുള്ളതെന്ന് ആർ.ബി.ഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2016 നവംബർ 4 ന് ജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ അളവ് 17.7 ലക്ഷം കോടി രൂപയായിരുന്നു. പണ ഉപഭോഗം കുറച്ച് ഡിജിറ്റൽ പണമിടപാട് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം പരാജയപ്പെട്ടെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബർ 8 ന് അർധരാത്രിയാണ് രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. 500, 1000 രൂപാ നോട്ടുകൾ പിൻവലിക്കുകയായിരുന്നു അന്ന്. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുകയും വിപണിയിൽ പണത്തിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു നോട്ട് നിരോധനത്തിന് പിന്നാലെയുള്ള വിശദീകരണം. മാത്രമല്ല, രാജ്യത്ത് ഡിജിറ്റൽ ഇടപാട് വർധിപ്പിക്കുക എന്നതും ഈ നീക്കത്തിന്റെ ലക്ഷ്യമായി മോദി അവകാശപ്പെട്ടു.

ചരക്കുകളും സേവനങ്ങളും വാങ്ങാൻ ജനം ഉപയോഗിക്കുന്ന പണത്തെയാണ് പൊതുജനങ്ങളുടെ കൈയിലുള്ള കറൻസിയായി സൂചിപ്പിക്കുന്നത്. പ്രചാരത്തിലുള്ള മൊത്തം കറൻസിയിൽ നിന്ന് ബാങ്കുകളിലെ പണത്തിന്റെ അളവ് കുറച്ചാണ് ഇത് കണക്കാക്കുക.ദൈനംദിന ആവശ്യങ്ങൾക്ക് പണത്തെ ആശ്രയിക്കുന്ന സാധാരണ പൗരന്മാർക്ക് നോട്ട് നിരോധനം വലിയ ദുരിതമാണ് വരുത്തിയത്. നോട്ട് നിരോധിച്ചപ്പോൾ സർക്കാർ നിരത്തിയ ലക്ഷ്യങ്ങളൊന്നും നേടാനായില്ലെന്നും പ്രധാനമന്ത്രിയുടെ അർധരാത്രിയിലെ നടപടി പൂർണ പരാജയമായിരുന്നെന്നും പിന്നീട് വ്യക്തമായി. നിരോധിച്ച നോട്ടിന്റെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതോടെ രാജ്യത്ത് വിനിമയത്തിലിരുന്ന പണത്തിന്റെ 30 ശതമാനവും കള്ളപ്പണമാണെന്ന വാദവും പൊളിഞ്ഞു.

 ചിപ്പ് വച്ച നോട്ട് മുതൽ 50 രൂപയ്ക്ക് പെട്രോളും 50 രൂപയ്ക്ക് ഡീസലും വരെ നൽകുമെന്ന പ്രചരണവും ഒപ്പം തന്നെ എവിടെ ഒളിപ്പിച്ചു വച്ചാലും കണ്ടെത്താൻ കഴിയുന്ന സാങ്കേതിക വിദ്യയും പുതിയ കറൻസിയിലുണ്ടെന്ന വാദം വരെ ഉണ്ടായി. ഇതൊന്നും കൂടാതെ രാജ്യത്തെ എല്ലാ കള്ളപ്പണവും ഇപ്പോ കണ്ടെത്തും അത് ജനങ്ങൾക്ക് വീതിച്ചു നൽകും എന്നൊക്കെ പറയുകയും ഒരാഴ്ചകൊണ്ട് നോട്ട് നിരോധനം മൂലം ഉണ്ടാകുന്ന പ്രതിസന്ധികൾ എല്ലാം തന്നെ മാറുമെന്ന് പറഞ്ഞിരുന്നെങ്കിലും  ആറു വർഷങ്ങൾ പിന്നിടുമ്പോഴും രാജ്യം ഇന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തന്നെയാണ്.

നെട്ടോട്ടമോടിയ നാളുകൾ ഓർത്ത് രാജ്യം,പ്രതിസന്ധിയിൽ നിന്ന് കര കയറാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ

0 Comments

Leave a comment