പട്ന: ബി.എ പരീക്ഷയുടെ ഹാൾടിക്കറ്റിൽ
വിദ്യാർഥിയുടെ ഫോട്ടോക്ക് പകരം പ്രധാനമന്ത്രിയുടെ ഫോട്ടോ. ബിഹാറിലെ ദർഭംഗ ജില്ലയിലെ ലളിത് നാരായൺ മിഥില യൂണിവേഴ്സിറ്റി നൽകിയ ബി.എ പരീക്ഷയുടെ ഹാൾടിക്കറ്റിലാണ് പിഴവുപറ്റിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ അടിച്ച ഹാൾടിക്കറ്റാണ് യൂണിവേഴ്സിറ്റി ഒരു വിദ്യാർഥിക്ക് നൽകിയത്.

ബിഹാർ ഗവർണർ ഫാഗു ചൗഹാന്റെ ഫോട്ടോ അടിച്ച ഹാൾടിക്കറ്റും മറ്റൊരു വിദ്യാർഥിക്ക് നൽകിയിട്ടുണ്ട്.
നേരത്തേ ഇതേ യൂണിവേഴ്സിറ്റിയിൽ 100 മാർക്കിന്റെ പരീക്ഷക്ക് 151 മാർക്ക് വിദ്യാർഥിക്ക് നൽകിയ സംഭവവും ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച, യൂണിവേഴ്സിറ്റി വിദ്യാർഥിയായ പെൺകുട്ടി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റിലാണ് മോദിയുടെ ചിത്രം പതിച്ചിരിക്കുന്നത്. വിദ്യാർഥിനിയുടെ പേര് ഗുരിയ കുമാരി എന്നാണ് എഴുതിയിരിക്കുന്നത്. ഫോട്ടോ ഒഴികെ മറ്റ് വിവരങ്ങളൊക്കെ കൃത്യമായാണ് നൽകിയിരിക്കുന്നത്. മറ്റൊരാൾക്ക് ഗവർണറുടെ ഫോട്ടോ പതിച്ച അഡ്മിറ്റ് കാർഡും നൽകിയിട്ടുണ്ട്.
വിദ്യാർഥികളുടെ പിഴവാണ് ഫോട്ടോ തെറ്റായി അടിച്ചുവരാൻ കാരണം എന്നാണ് യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത്. വിദ്യാർഥികൾ രേഖകൾ സ്വയം അപ് ലോഡ് ചെയ്താണ് ഹാൾ ടിക്കറ്റ് തയ്യാറാക്കുന്നതെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ മുഷ്താഖ് അഹമ്മദ് പറഞ്ഞു.
വിദ്യാർഥികൾ ഗവർണറുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോ അപ് ലോഡ് ചെയ്തതാണ് ഇത്തരം പിഴവിന് കാരണമെന്നും ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു.ഹാൾടിക്കറ്റുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
നേരത്തേ ഇതേ യൂണിവേഴ്സിറ്റിയിൽ 100 മാർക്കിന്റെ പരീക്ഷക്ക് 151 മാർക്ക് വിദ്യാർഥിക്ക് നൽകിയ സംഭവവും ഉണ്ടായിട്ടുണ്ട്.





0 Comments