/uploads/news/news_സാമ്പത്തിക_പുരോഗതിയിൽ_കുതിക്കുന്നുവെന്ന്..._1648376660_6639.jpg
National

സാമ്പത്തിക പുരോഗതിയിൽ കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി പറയുമ്പോഴും,സാധാരണക്കാരന്റെ നട്ടെല്ലൊടിച്ച്‌ രാജ്യത്ത് ഇന്ധന വിലക്കയറ്റം


ന്യൂഡൽഹി: രാജ്യം സാമ്പത്തിക പുരോഗതിയിൽ കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി പറയുമ്പോഴും,സാധാരണക്കാരന്റെ നട്ടെല്ലൊടിച്ച്‌ രാജ്യത്ത് ഇന്ധന വില ഇന്നും ഉയർന്നു. ഇന്ത്യൻ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് മാറി ഇന്ധനവില വ‍ർധന. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധനവ് തുടർച്ചയായ ആറ് ദിവസത്തിൽ അഞ്ചാം തവണയാണ് വർധിക്കുന്നത്. ഇന്ന് ഒരു ലിറ്റർ ഡീസലിന് 58 പൈസയാണ് ഉയർത്തിയതെന്ന്  എണ്ണക്കമ്പനികൾ വ്യക്തമാക്കി. പെട്രോൾ ലിറ്ററിന് 55 പൈസയുടെ വർധനവ്  വരുത്തിയിട്ടുണ്ട്.


ഒരാഴ്ച പൂർത്തിയാകുന്നതിനിടെ അ‍ഞ്ച് തവണ വർധിച്ചതോടെ ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്നലെ അർധരാത്രിയും വില വർധിച്ചിരുന്നു. ഒരു ലിറ്റർ ഡീസലിന്  81 പൈസയും പെട്രോളിന് 84 പൈസയുമാണ് ഇന്നലെ വർധിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വർദ്ധിക്കാൻ ഇത് കാരണമാകും.


അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.


തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും. ക്രൂഡ് ഓയിൽ വില ഉയർന്നിട്ടും രാജ്യത്തെ റീടെയ്ൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാത്തത് എണ്ണക്കമ്പനികൾക്ക് തിരിച്ചടിയായെന്നാണ് മൂഡിസ് ഇൻവെസ്റ്റർ സർവീസിന്റെ കണക്ക്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്ക് 19000 കോടി ഇന്ത്യൻ രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് കണ്ടെത്തൽ.

ഇന്ത്യൻ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് മാറി ഇന്ധനവില വ‍ർധന.

0 Comments

Leave a comment