ന്യൂഡല്‍ഹി: രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് (യു യു ലളിത്) ഇന്ന് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു ജസ്റ്റിസ് ലളിതിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എന്‍ വി രമണ വിരമിച്ച ഒഴിവിലാണ് ലളിതിന്റെ നിയമനം.
74-ദിവസം മാത്രമാകും ലളിതിന് ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കാനാകുക. ഈ വരുന്ന നവംബർ എട്ടിന് അദ്ദേഹം വിരമിക്കും. അഭിഭാഷക വൃത്തിയില്‍ നിന്നും നേരിട്ട് ന്യായാധിപനായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്.
1971 ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എസ് എം സിക്രിയാണ് ആദ്യത്തെയാള്‍. മഹാരാഷ്ട്ര സ്വദേശിയാണ് ജസ്റ്റിസ് യു യു ലളിത്. 2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു യു ലളിതിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അതിനു മുൻപ് സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റിസ് യു ആർ ലളിത് മുതിർന്ന അഭിഭാഷകനും മുംബൈ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയുമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എൻ.വി.രമണ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
74-ദിവസം മാത്രമാകും ലളിതിന് ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കാനാകുക. ഈ വരുന്ന നവംബർ എട്ടിന് അദ്ദേഹം വിരമിക്കും.





0 Comments