/uploads/news/news_ഓപറേഷന്‍_താമര:_ബിജെപി_നേതാക്കള്‍_നടത്തിയ..._1669982135_1134.png
National

ഓപറേഷന്‍ താമര: ബിജെപി നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്ത്


ന്യൂഡൽഹി: തെലങ്കാനയിലെ ഓപറേഷൻ താമരയിൽ ബി.ജെ.പി നേതാക്കൾ നടത്തിയ ഗൂഢാലോചനകൾ അക്കമിട്ട് നിരത്തി പ്രത്യേക അന്വേഷണ സംഘം. ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റി ബിജെപിയിലെത്തിക്കാൻ തെലങ്കാനയിൽ നേതാക്കൾ നടത്തിയ നീക്കത്തിന്റെ തെളിവുകളാണ് ആയിരക്കണക്കിന് രേഖകളായി അന്വേഷണ സംഘം തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ചു. ബിഡിജെഎസ് നേതാവും കേരളത്തിലെ എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയുടെ ഇടപെടൽ റിപോർട്ടിൽ എടുത്തുപറയുന്നുണ്ട്.

പാർട്ടി മാറുന്നതിനായി ടിആർഎസ് എംഎൽഎമാർക്ക് നൽകാൻ കോടിക്കണക്കിനു രൂപയുമായി എത്തുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ഏജന്റുമാർക്ക് ബിജെപി നേതാക്കളുമായുള്ള അടുത്ത ബന്ധം തുറന്നുകാട്ടുന്നതാണ് രേഖകൾ. തുടർച്ചയായി ഒന്നരവർഷം നീണ്ടുനിന്ന പ്രയത്‌നം കൂടിയാണ് ഓപറേഷൻ താമര. അറസ്റ്റിലായ രാമചന്ദ്ര ഭാരതി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനു അയച്ച വാട്‌സ് ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം സമർപ്പിച്ചിട്ടുണ്ട്. രോഹിത് റെഡ്ഢി അടക്കം മൂന്ന് ടിആർഎസ് എംഎൽഎമാരെ ബിജെപിയിലെത്തിക്കാനായിരുന്നു പദ്ധതി. മൂന്ന് പേരെ കാണിക്കാനുണ്ടെന്നു ബി എൽ സന്തോഷിനോട് രാമചന്ദ്ര ഭാരതി വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ 26 നു ഇരുവരും ഹരിദ്വാറിൽ കൂടിക്കാഴ്ച നടത്തി. തുഷാർ വെള്ളാപ്പള്ളിയുമായി രാമചന്ദ്ര ഭാരതി പലവട്ടം സംസാരിക്കുന്നുണ്ട്. നിർണായക കൂടിക്കാഴ്ച ബി എൽ സന്തോഷിന്റെ ഡൽഹിയിലെ താമസസ്ഥലത്ത് വച്ചാണ് നടത്തുന്നത്.

പണവുമായി പിടിയിലായ രണ്ടാം പ്രതി നന്ദുകുമാർ മൂന്നാം പ്രതി സിംഹയാജി എന്നിവരുമായി തുഷാർ വെള്ളാപ്പള്ളിയും ബി എൽ സന്തോഷും നിൽക്കുന്ന ചിത്രം, യാത്രാ രേഖ, ഫോൺ ലൊക്കേഷൻ, ഒപ്പമുണ്ടായിരുന്ന അഭിഭാഷകന്റെ മൊഴി എന്നിവയടക്കമാണ് ഹാജരാക്കിയിരിക്കുന്നത്. തുഷാർ വെള്ളാപ്പള്ളി, ഡോ ജഗ്ഗുസ്വാമി എന്നിവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് കോൾ റെക്കോർഡിങ്, ശബ്ദസന്ദേശത്തിന്റെ ഫോറൻസിക് റിപോർട്ട് എന്നിവയും തെലങ്കാന പോലിസ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തെലങ്കാന ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് താൽക്കാലിക ആശ്വാസമായിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാനാണ് കോടതി തുഷാറിനോട് നിർദേശിച്ചത്. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തുഷാർ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സിംഗിൾ ബെഞ്ച് നിർദേശം. കേസ് സിബിഐക്ക് കൈമാറണമെന്ന തുഷാറിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

ബിഡിജെഎസ് നേതാവും കേരളത്തിലെ എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയുടെ ഇടപെടൽ റിപോർട്ടിൽ എടുത്തുപറയുന്നുണ്ട്

0 Comments

Leave a comment