https://www.facebook.com/share/v/19DMiZasge/
തിരുവനന്തപുരം:
വേനൽ മഴയെ സംഭരിക്കാൻ ഒരുങ്ങി കാട്ടാക്കട നിയോജക മണ്ഡലം. മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലുടനീളം മഴക്കുഴികൾ എടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ലോക തണ്ണീർത്തട ദിനമായ ഫെബ്രുവരി 2ന് തുടക്കമാകും. ലോക തണ്ണീർത്തട ദിനം മുതൽ മാർച്ച് 22 ലോക ജലദിനം വരെയുള്ള ഏകദേശം 2 മാസക്കാലയളവിലേക്കുള്ള പ്രവർത്തനങ്ങൾ ആണ് ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലും ഭൂഗർഭ ജലനിരപ്പ് അപകടകരമാം വിധം താഴ്ന്ന് സെമിക്രിറ്റിക്കൽ മേഖലയിൽ ആയപ്പോഴും കാട്ടാക്കട മണ്ഡലം ഉൾപ്പെടുന്ന നേമം ബ്ലോക്ക് മാത്രം സുരക്ഷിത മേഖലയിലേക്ക് ഉയർന്നതിന്റെ കാരണം അന്താരാഷ്‌ട്ര പ്രശസ്തിയാർജ്ജിച്ച കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രവർത്തനങ്ങൾ ആണ്. 2013 ലെ കേന്ദ്ര ഭൂജല വകുപ്പിന്റെ കണക്ക് പ്രകാരം 73.41 ശതമാനം ആഴത്തിലേക്ക് കുറഞ്ഞിരുന്ന ഭൂജല നിരപ്പ് ജലസമൃദ്ധി പദ്ധതിയുടെ പ്രവർത്തനങ്ങൾ വഴി 69.30 ശതമാനത്തിലേക്ക് കുറഞ്ഞു ഭൂജല നിരപ്പ് ഉയർത്തുന്നതിന് കഴിഞ്ഞിരുന്നു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വേനൽക്കാലത്തെ ജലദൗർലഭ്യം നേരിടുന്നതിനായി ബൃഹത്തായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. മണ്ഡലത്തിലെ ആബാലാവൃത്തം ജനങ്ങളെയും ഉൾപ്പെടുത്തിയുള്ള മഴക്കുഴി നിർമ്മാണമാണ് ഇതിൽ പ്രധാനം. വിവിധ വികസന വകുപ്പുകൾ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, അയൽക്കൂട്ടങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ, വായനശാലകൾ, അദ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തി സാധ്യമാകുന്ന പരമാവധി ഇടങ്ങളിൽ മഴക്കുഴി നിർമ്മിക്കും. വേനലിൽ ലഭിക്കുന്ന മഴയെ ഒഴുകി പാഴായി പോകാതെ പൂർണ്ണമായും മണ്ണിലേക്ക് ആഴ്ത്താൻ ഇതുവഴി സാധിക്കും. പരമാവധി വീട്ടുവളപ്പുകളിലും, പൊതു സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും, പാതയോരങ്ങളിലും, കൃഷി ഭൂമിയിലും ഈ പ്രവർത്തനം നടക്കും. ഒരു മീറ്റർ നീളവും 50 സെന്റീമീറ്റർ വീതിയും 40 സെന്റീമീറ്റർ താഴ്ചയും ഉള്ള മഴക്കുഴികൾ ആണ് നിർമ്മിക്കുക. ഒരു മഴക്കുഴിയിൽ 200 ലിറ്റർ മഴവെള്ളം സംഭരിക്കാൻ ആകും. ഇത്തരത്തിൽ 100 മഴക്കുഴികൾ തീർത്താൽ ഇരുപതിനായിരം ലിറ്റർ വെള്ളം സംഭരിക്കാൻ ആകും. ഒരു വർഷത്തിൽ 100 മഴദിനങ്ങൾ ലഭ്യമായാൽ 20 ലക്ഷം ലിറ്റർ മഴവെള്ളം സംഭരിച്ച് മണ്ണിൽ താഴ്ത്താൻ കഴിയും. ഇതിലൂടെ മണ്ഡലത്തിലെ എല്ലാ ജലസ്രോതസ്സുകളും വർഷം ഉടനീളം ജലസമൃദ്ധമായി നിലനിർത്താൻ കഴിയും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു ക്യാംപയിൻ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. കാട്ടാക്കട നിയോജക മണ്ഡലത്തെ ജലസമൃദ്ധമായി നിലനിർത്താൻ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് ഈ പ്രവർത്തനത്തിൽ പങ്കാളിയാകണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.
കാത്തുവയ്ക്കാം ഉള്ളതിനെ ഒരുമുഴം മുന്നേ: വേനൽ മഴ സംഭരിക്കാനൊരുങ്ങി കാട്ടാക്കട.





0 Comments