കൊച്ചി: മൂവാറ്റുപുഴ കൈവെട്ട് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് എൻഐഎ കോടതി ഇന്ന് ശിക്ഷ വിധിച്ചു. മൂന്ന് പ്രതികൾക്ക് ജീവപര്യന്തവും മൂന്ന് പ്രതികൾക്ക് മൂന്ന് വർഷം വീതം തടവുമാണ് ശിക്ഷ. യുഎപിഎ പ്രകാരം കുറ്റം തെളിഞ്ഞെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കാണ് ജീവപര്യന്തം. ഇവരെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയേക്കും.
അതേസമയം, മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടവർക്ക് ജാമ്യം നൽകുമെന്നാണ് വിവരം. ഇവർക്ക് വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുന്ന കാര്യം ബോധ്യപ്പെടുത്തി കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങാൻ സാധിക്കുമെന്ന് നിയമ വിദഗ്ധർ പറയുന്നു. സജിൽ, നാസർ, നജീബ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നീ പ്രതികൾക്കാണ് മൂന്ന് വർഷം തടവ്.
കോടതി ശിക്ഷ വിധിച്ച പിന്നാലെ ടിജെ ജോസഫ് മാധ്യമങ്ങളുമായി സംസാരിച്ചു. ഇപ്പോഴും പോലീസ് സുരക്ഷയിലാണ് ടിജെ ജോസഫ്. എങ്കിലും തനിക്ക് ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി ജീവിക്കാൻ പറ്റില്ല, ജീവനും സ്വത്തിനും ഭീഷണിയുണ്ട് എന്ന് തന്നെയാണ് തനിക്ക് സുരക്ഷ നൽകുന്നതിലൂടെ തെളിയുന്നതെന്നും ജോസഫ് പറഞ്ഞു.
ഭയം കൂടാതെ എല്ലാവർക്കും ജീവിക്കാൻ സാധിക്കണം. എല്ലാവരും അതിനാണ് പരിശ്രമിക്കേണ്ടത്. ഭയം കൂടാതെയാണ് ജീവിക്കുന്നത്. സാധാരണക്കാരേക്കാൾ ഭയം അൽപ്പം കുറവാണ് തനിക്ക്. എങ്കിലും ജീവഭയം സ്വാഭാവികമാണ്. ഭയന്ന് ജീവിക്കുന്നതിൽ അർഥമുണ്ടെന്ന് കരുതുന്നില്ല. എങ്കിലും സർക്കാരിന്റെ സുരക്ഷ സ്വീകരിക്കുന്നുവെന്നും ടിജെ ജോസഫ് പറഞ്ഞു.
പ്രതികൾ നാല് ലക്ഷം രൂപ നൽകണം എന്ന കോടതി നിർദേശത്തിലും ടിജെ ജോസഫ് പ്രതികരിച്ചു. പ്രതികളിൽ നിന്ന് പിഴ ഈടാക്കുന്നതായിരിക്കും ആ തുക. തനിക്ക് സർക്കാർ നഷ്ടപരിഹാരം നൽകേണ്ടിയിരുന്നതാണ്. ഒരു പൗരൻ എന്ന നിലയിൽ എന്നെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടായിരുന്നുവെന്നും ടിജെ ജോസഫ് പറഞ്ഞു.
എന്നെ മൂന്ന് തവണ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് ഞാൻ പോലീസിൽ രേഖാമൂലം പരാതിപ്പെട്ടിരുന്നു. അന്ന് പോലീസ് സംരക്ഷണം ഒരുക്കിയില്ല. അപകടം നടന്ന ശേഷമാണ് പോലീസ് സംരക്ഷണം അനുവദിച്ചത്. എന്റെ ജീവൻ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടായിരുന്നതാണ്. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും ടിജെ ജോസഫ് പറഞ്ഞു.
എനിക്ക് സർക്കാർ നഷ്ടപരിഹാരം നൽകേണ്ടതാണ്. അത് വേണ്ട എന്ന് ഞാൻ പറയില്ല. സർക്കാർ ആരിൽ നിന്ന് പണം സ്വരൂപിക്കുന്നു എന്നത് എനിക്ക് വിഷയമല്ലെന്നും ടിജെ ജോസഫ് പറഞ്ഞു. പ്രതികൾക്ക് ശിക്ഷ കുറഞ്ഞോ കൂടിയോ എന്നത് നിയമവിദഗ്ധർ പറയേണ്ടതാണ്. ഒരു പ്രതിയെ ഇപ്പോഴും പിടിക്കാൻ സാധിക്കാത്തത് അന്വേഷണത്തിലെ വീഴ്ചയാകാമെന്നും ടിജെ ജോസഫ് പറഞ്ഞു.
ഇപ്പോഴും പോലീസ് സുരക്ഷയിലാണ് ടിജെ ജോസഫ്. എങ്കിലും തനിക്ക് ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി ജീവിക്കാന്‍ പറ്റില്ല, ജീവനും സ്വത്തിനും ഭീഷണിയുണ്ട് എന്ന് തന്നെയാണ് തനിക്ക് സുരക്ഷ നല്‍കുന്നതിലൂടെ തെളിയുന്നതെന്നും ജോസഫ് പറഞ്ഞു.





0 Comments