/uploads/news/news_ക്രൈസ്തവ_സഭയിലെ_അഴിമതി_ചോദ്യം_ചെയ്തതിന്_..._1696587487_4257.png
NEWS

ക്രൈസ്തവ സഭയിലെ അഴിമതി ചോദ്യം ചെയ്തതിന് എന്നെ കുറ്റവിചാരണ നടത്തുന്നു: വൈദികൻ അജി പുതിയാപറമ്പിൽ


കൊച്ചി : ക്രൈസ്തവ സഭയിലെ അഴിമതിയും ജീർണതയും ചോദ്യം ചെയ്തതിനാണ് തന്നെ കുറ്റവിചാരണ നടത്തുന്നതെന്നും വൈദിക ജോലിയിൽ നിന്ന് പുറത്താക്കിയാലും നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും വൈദികൻ അജി പുതിയാപറമ്പിൽ. ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മത കോടതി. വിശ്വാസികളെ കൂട്ടി കലാപ ശ്രമം നടത്തിയെന്നാണ് സഭാ മേലധികാരികളുടെ ആരോപണം. സഭയിലെ മുറിവുകൾ സുഖപ്പെടുത്തുന്നതാണ് എന്റെ ദൗത്യം.അപ്പോൾ സഭയിലെ ജീ‍‍ർണതയെ കുറിച്ച് പറയേണ്ടി വരും. സഭയിൽ സാമ്പത്തിക ജീ‍ർണതകളുണ്ട്, സ്ത്രീകളെ അവഗണിക്കുന്നതടക്കം പല കാര്യങ്ങളും സഭക്കുള്ളിൽ നടക്കുന്നുണ്ട്. ഇതിനെതിരെ സംസാരിച്ചിട്ടുണ്ട്. ഇനിയും ഈ രീതിയിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സഭാ നേതൃത്വത്തെ ചോദ്യം ചെയ്ത വൈദികനെ കുറ്റവിചാരണ ചെയ്ത് നടപടിയെടുക്കാൻ താമരശ്ശേരി രൂപതയാണ് മത കോടതി സ്ഥാപിച്ചത്. വൈദികനായ അജി പുതിയാപറമ്പിലിനെതിരായ നടപടികൾക്കാണ് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ 4 അംഗ വൈദിക സംഘത്തെ ജഡ്ജിമാരായി നിയമിച്ച് ഉത്തരവിറക്കിയത്. 

എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളടക്കമുള്ളവയിൽ സഭാ നേതൃത്വത്തിന് സംഭവിച്ച വീഴ്ചകളെ സമൂഹമാധ്യമത്തിലൂടെ അവതരിപ്പിച്ച വൈദികനെ കുറ്റവിചാരണ ചെയ്യുന്നതിനാണ് മത കോടതി രൂപീകരിച്ച് വിചാരണ നടത്താനുള്ള വിചിത്ര നടപടിയുമായി താമരശ്ശേരി രൂപത ഒരുങ്ങുന്നതെന്നതാണ് ശ്രദ്ധേയം. സെപ്റ്റംബർ 21 നാണ് ട്രിബ്യൂണൽ സ്ഥാപിച്ച് ബിഷപ് രെമീജിയോസ് ഇഞ്ചനാനീയിൽ ഉത്തരവിറക്കുന്നത്. ഫാദർ ബെന്നി മുണ്ടനാട്ട് അധ്യക്ഷനായ ട്രിബ്യൂണലിൽ വൈദികരായ ജയിംസ് കല്ലിങ്കൽ, ആൻറണി വരകീൽ എന്നിവ‍ർ സഹ ജഡ്ജിമാരാണെന്നും വ്യക്തമാക്കുന്നു. ബിഷപ്പിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു, സഭാ സിനഡ് തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചു, സ്ഥലം മാറ്റിയ ഉത്തരവ് അംഗീകരിച്ചില്ല എന്നതടക്കമുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ചൂണ്ടികാട്ടുന്നത്. 

സമൂഹമാധ്യമത്തിലെ പോസ്റ്റിൻറെ പേരിൽ വൈദികനായ അജി പുതിയാപറമ്പിലിനെ നേരത്തെ സസ്പെൻറ് ചെയ്തിരുന്നു. എന്നാൽ നോട്ടീസ് പോലും നൽകാതെയുള്ള നടപടി ചോദ്യം ചെയ്തപ്പോഴാണ് സസ്പെൻഷൻ പിൻവലിച്ച് വിചാരണ നടത്താൻ മത കോടതി സ്ഥാപിച്ചത്. ബലാത്സഗം അടക്ക വിവിധ കുറ്റകൃത്യങ്ങളിൽപെട്ട വൈദികർക്കെതിരെപോലും സ്വീകരിച്ചാത്ത പ്രതികാരനടപടിയാണ് താമരശേശേരി രൂപത അധ്യക്ഷൻ ചെയ്യുന്നതെന്നും, മതകോടതി വിചാരണയ്ക്കെതിരെ സഭയ്ക്ക്കത്ത് ശക്തമായ പ്രതിഷേധം ഉയർത്തുമെന്നുമാണ് വൈദികനെ പിന്തുണയ്ക്കുന്നവർ വ്യക്തമാക്കുന്നത്.

 

'ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മത കോടതി. വിശ്വാസികളെ കൂട്ടി കാലാപ ശ്രമം നടത്തിയെന്നാണ് സഭാ മേലധികാരികളുടെ ആരോപണം.'

0 Comments

Leave a comment