/uploads/news/news_നിയമസഭാ_കയ്യാങ്കളി_കേസ്:_തുടരന്വേഷണത്തിന..._1688642418_8369.png
NEWS

നിയമസഭാ കയ്യാങ്കളി കേസ്: തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി


തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസിന്റെ തുടരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി സർക്കാരിന് ഉപാധികളോടെ  അനുമതി നൽകി. കേസ് വിചാരണയ്‌ക്കെടുക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് തുടരന്വേഷണത്തിന് അനുമതി തേടി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചാണ് കോടതിയിൽ അപേക്ഷ നൽകിയിരുന്നത്.

കേസിന്റെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് തുടരന്വേഷണ ആവശ്യമെന്ന് ആരോപണമുയർന്നിരുന്നു. 60 ദിവസത്തിനുള്ള തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ മൂന്ന് ആഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

മന്ത്രി വി. ശിവൻകുട്ടി, മുൻമന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ തുടങ്ങിയവരടക്കം ആറു പ്രതികളാണ് കേസിലുള്ളത്. കേസ് മുന്നോട്ടുപോയാൽ മന്ത്രി ശിവൻകുട്ടിക്കും അത് തിരിച്ചടിയാണ്. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തുടരന്വേഷണ നീക്കമെന്നാണ് ആരോപണം. ശിവൻകുട്ടിയെ കേസ് വിചാരണയിൽനിന്ന് രക്ഷിക്കാനുള്ള തന്ത്രമാണിതെന്നാരോപിച്ച് കോൺഗ്രസ് തടസ്സഹർജിയുമായി വന്നിരുന്നു. തുടരന്വേഷണ നീക്കത്തെ നേരത്തെ കോടതിയും വിമർശിച്ചിരുന്നു.

തുടരന്വേഷണം ആവശ്യപ്പെട്ട് നേരത്തേ ഇടതുപക്ഷത്തെ മുൻ എം.എൽ.എ.മാരായ ഇ.എസ്. ബിജിമോളും ഗീതാ ഗോപിയും കോടതിയെ സമീപിച്ചിരുന്നു. ഇവർ ഹർജി പിൻവലിച്ച് പിൻവാങ്ങുകയും ചെയ്തു.

ബിജിമോളുടെയും ഗീതാഗോപിയുടെയും ആരോപണങ്ങളും അന്വേഷണവിധേയമാക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം. കേസ് നേരത്തെ അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തിൽ സുപ്രീംകോടതിയിൽ നിന്നടക്കം തിരിച്ചടി നേരിട്ടിരുന്നു.

ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതി

0 Comments

Leave a comment