അങ്കമാലി: നടി മിയയ്ക്കെതിരെ വിജയ് മസാല ഗ്രൂപ്പ് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയെന്നത് വ്യാജ പ്രചരണമാണെന്ന് വിജയ് മസാല ബ്രാന്‍ഡിന്റെ ഉടമ മൂലന്‍സ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.
വിജയ് മസാലയുടെ ബ്രാന്‍ഡ് അംബാസിഡറായ മിയയ്ക്കെതിരെ കമ്പനി പരാതി നല്‍കേണ്ടതിന്റെ ആവശ്യമില്ലെന്നും പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനു മുൻപും കറിമസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെതുടർന്ന് മിയയ്ക്കെതിരെ ഉടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെയാണ് മാനേജ്‌മെന്റ് ഇക്കാര്യം അറിയുന്നതെന്നും കെട്ടിച്ചമച്ച ഇത്തരത്തിലുള്ള വാര്‍ത്തയ്ക്ക് പിന്നില്‍ വിജയ് ബ്രാൻഡിന്റെ വിശ്വസ്ഥതയുടെ മറ പിടിച്ചു ഈ പേരിന് സാമ്യമുള്ള മറ്റൊരു ബ്രാൻഡ് മാർക്കറ്റ് ചെയ്യാനുള്ള വിലകുറഞ്ഞ ഒരു ഗൂഢ തന്ത്രം മാത്രമാണെന്നും ഗ്രൂപ്പ് അറിയിച്ചു. ഇതിനു മുൻപും ഈ തത്പരകക്ഷികൾ സോഷ്യൽ മീഡിയകളിലൂടെ ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ വഴി വിജയ് മസാലയുടെ ഉപഭോക്താക്കളെയും വിതരണക്കാരെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളതെന്നും മാനേജ്‌മെന്റ് കുറ്റപ്പെടുത്തി.
മിയ പരസ്യത്തില്‍ അഭിനയിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. കമ്പനിയുടെ അറിവില്ലാതെ ഒരു പരസ്യ ചിത്രം ടെലികാസ്റ്റ് ചെയ്യില്ലെന്ന വസ്തുത നിലനില്‍ക്കെ താരത്തെയും കമ്പനിയെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഈ കൂട്ടർ നടത്തുന്നത്. ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ മിയയുമായി തങ്ങള്‍ക്കുള്ളത് നല്ല ബന്ധമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ഇതിനു മുൻപും കറിമസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെതുടർന്ന് മിയയ്ക്കെതിരെ ഉടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു





0 Comments